ചൂരൽമലയിൽ തിളങ്ങുന്നു, ഉറ്റവരുടെ ഓർമനക്ഷത്രങ്ങൾ
ചൂരൽമല നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും തിളങ്ങിയിരുന്ന ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പാതയോരങ്ങൾ ശൂന്യമാണ്. മുണ്ടക്കൈയിലെ ആഘോഷരാവുകളിലെ കാരളുകൾ, ക്രിസ്‌മസ് രാവുകൾ, ഒരു കുടുംബമായി ഒത്തുകൂടിയ പാതിരകൾ... എല്ലാം ഓർമകളിൽ നിറഞ്ഞു. ഉരുൾകൊണ്ടുപോയ ദുരന്തഭൂമിയിൽ ആഘോഷങ്ങളുണ്ടായില്ലെങ്കിലും പലദിക്കുകളിലെ വാടകവീടുകളിലേക്ക് ചിന്നിച്ചിതറിയ നാട്ടുകാർ ക്രിസ്‌മസ് രാവിൽ ഒത്തുകൂടി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചൊവ്വ രാത്രി ഏഴിന് നടന്ന പ്രാർഥനയിൽ ഉറ്റവരുടെ സ്മരണ നിറഞ്ഞു. തൃശൂരിൽനിന്നെത്തിയ സന്നദ്ധ പ്രവർത്തക അറക്കൽ ജോസഫൈൻ ചൂരൽമല അങ്ങാടിയിൽ പുൽക്കൂടും ഒരുക്കി. ദുരന്തത്തിൽ ജീവൻ വാരിപ്പിടിച്ചോടിയവർ അതിജീവിച്ച ജനതയായാണ് ആഘോഷദിനങ്ങളിൽ ഈ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ഉറ്റവരുടെ ഓർമകളിലവർ വിങ്ങി. ദുരന്തംപെയ്‌ത രാത്രി പിന്നിട്ട് അഞ്ചുമാസത്തിലേക്ക് എത്തുമ്പോൾ ഓണവും നബിദിനവും കടന്നുപോയി. ആഘോഷങ്ങളില്ലെങ്കിലും പരസ്‌പരം സ്‌നേഹം പങ്കുവച്ച് ക്രിസ്‌മസിനും അവർ ഒന്നിച്ചിരിക്കും. ജാതിയുടെയോ മതത്തിന്റെയോ കള്ളിയിൽ ഒതുങ്ങിയതായിരുന്നില്ല ചൂരൽമലയിലെ ആഘോഷങ്ങൾ. ഓണവും വിഷുവും ക്രിസ്‌മസും പെരുന്നാളുമെല്ലാം ഒന്നിച്ചുള്ള ഉത്സവമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഓർത്തഡോക്‌സ് പള്ളിയിലും ആകെ 56 ക്രിസ്‌ത്യൻ കുടുംബങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ആഘോഷങ്ങൾക്ക് നാടാകെ ഒത്തുകൂടുകയായിരുന്നു പതിവ്. പ്രാർഥനാശേഷമുള്ള കലാസന്ധ്യ ചൂരൽമലയിലെ ഉത്സവങ്ങളിൽ ഒന്നായിരുന്നു. ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ചാണ് പള്ളികളിലെ പ്രാർഥന. പുത്തുമലയിലെ പൊതുശ്‌മശാനത്തിൽ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾക്ക് മുമ്പിൽ കുടുംബാംഗങ്ങൾ ഒരുക്കിയ കുഞ്ഞുപുൽക്കൂടും അലങ്കാരങ്ങളുമാണ് ആഘോഷദിനത്തിലും നൊമ്പരം തീർക്കുന്നത്. Read on deshabhimani.com