ക്രിസ്മസ് തിരക്കിൽ വിപണി
തിരുവനന്തപുരം > തിരുപ്പിറവിയുടെ ഓർമപുതുക്കലിന് രണ്ടുദിനം മാത്രം ബാക്കിനിൽക്കെ ക്രിസ്മസ് ആഘോഷ തിരക്കിൽ വിപണി. നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീകൾ, തോരണങ്ങൾ, പുൽക്കൂട്, സാന്താക്ലോസ്, ബൾബുകൾ തുടങ്ങിയ സാധനങ്ങളാൽ കടകളും വഴിയോരങ്ങളും സജ്ജമായി. വീട്ടലങ്കാരത്തിൽ മാലപോലെയുള്ള ബൾബുകളിൽ നക്ഷത്രവും പുൽക്കൂടുകളും റെയിൻഡിയറും വരെ ഇത്തവണയുണ്ട്. പ്രകൃതിസൗഹൃദ കടലാസ് നക്ഷത്രങ്ങളാണ് വിപണിയിലെ താരം. 50 രൂപ മുതലുള്ള കടലാസ് നക്ഷത്രങ്ങൾ ലഭ്യമാണ്. 120 രൂപ മുതൽ എൽഇഡി നക്ഷത്രവിളക്കുകൾ വിപണിയിലുണ്ട്. ടേബിളിൽ വയ്ക്കാവുന്ന 50 രൂപയുടെ കുഞ്ഞൻ ക്രിസ്മസ് ട്രീ മുതൽ 5000 രൂപവരെയുള്ള വമ്പൻ ട്രീ വരെയുണ്ട്. പൈൻ മരത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ട്രീ സ്റ്റാറുകളും ഇവയ്ക്കൊപ്പം ഡിമാൻഡിലുണ്ട്. റെഡി ടു സ്ക്രൂ ക്രിബ് കാർഡ്ബോർഡിലും തടിയിലുമൊക്കെ സ്വന്തമായി പുൽക്കൂട് നിർമിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെയാണ് റെഡിമെയ്ഡ് പുൽക്കൂടുകൾ വിപണിയിലേക്ക് എത്തിയത്. കടകളിൽനിന്ന് ഇത്തരം പുൽക്കൂടുകൾ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ റെഡി ടു സ്ക്രൂ ക്രിബ്ബുകൾ വിപണിയിലെത്തിയത്. 150 രൂപ മുതലുള്ള ഇത്തരം ക്രിബ്ബുകൾ പല സൈസിലും ലഭിക്കും. സർപ്രൈസ് ഹാംപർ ക്രിസ്മസിന് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കേക്ക് മാത്രം സമ്മാനിച്ചിരുന്ന കാലം മാറി. കേക്ക്, വൈൻ, കാൻഡിൽ, ചോക്ലേറ്റ്, ഗ്രീറ്റിങ്സ് കാർഡ് തുടങ്ങിയവയുള്ള ക്രിസ്മസ് ഹാംപറുകളാണ് ന്യൂജെൻ ട്രെൻഡ്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും ഇവ ലഭ്യമാണ്. ഇതിനുപുറമെ ഹോംബേക്കർമാരും ഹാംപറുകൾ തയ്യാറാക്കി നൽകുന്നു. Read on deshabhimani.com