വിമാന സർവീസ് ; സിയാൽ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു ; യുഎഇയിലേക്ക് ആഴ്‌ചയിൽ 134 സർവീസ്
നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. 27 മുതൽ മാർച്ച് 29 വരെയാണ് പ്രാബല്യം. പുതിയ വേനൽക്കാല പട്ടികയിൽ 1576 പ്രതിവാര സർവീസുകളുണ്ടാകും. കൊച്ചിയിൽനിന്ന് രാജ്യാന്തരതലത്തിൽ 26ഉം ആഭ്യന്തരതലത്തിൽ ഏഴും എയർലൈനുകളാണ് സർവീസ് നടത്തുന്നത്. രാജ്യാന്തരതലത്തിൽ ഏറ്റവും അധികം സർവീസ് അബുദാബിയിലേക്കാണ്–- 67 എണ്ണം. ദുബായിലേക്ക് 46, ദോഹയിലേക്ക് 31 സർവീസുകളുമാണുള്ളത്. പുതിയ പട്ടികപ്രകാരം യുഎഇയിലേക്ക് ആഴ്‌ചയിൽ 134 സർവീസുണ്ടാകും. അന്താരാഷ്ട്രതലത്തിൽ ആഴ്ചയിൽ 51 സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് ഒന്നാമത്. എത്തിഹാദ് -28, എയർ അറേബ്യ അബുദാബി -28, എയർ ഏഷ്യ 18, എയർ ഇന്ത്യ- 17, എയർ അറേബ്യ, ആകാശ, എമിറേറ്റ്സ്, ഒമാൻ എയർ, സിംഗപ്പൂർ എയർലൈൻസ് 14 എന്നിവയാണ് മറ്റുള്ളവ. തായ് എയർവേയ്‌സ് ബാങ്കോക് സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രീമിയം സർവീസ് ആഴ്ചയിൽ അഞ്ചുദിവസമായി വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽനിന്ന് ബാങ്കോക്കിലേക്ക് ആഴ്‌ചയിൽ 15 സർവീസുണ്ടാകും. തായ് എയർ ഏഷ്യ, തായ് ലയൺ എയർ സർവീസുകൾ ഉൾപ്പെടെയാണിത്. കൂടാതെ, വിയറ്റ് ജെറ്റ് വിയറ്റ്‌നാമിലേക്ക് പ്രതിദിന സർവീസുകൾ തുടങ്ങും. ആഭ്യന്തര സെക്ടറിൽ ബംഗളൂരു 112, മുംബൈ 75, ഡൽഹി 63, ചെന്നൈ 61, ഹൈദരാബാദ് 52, അഗത്തി 15, അഹമ്മദാബാദിലേക്കും കൊൽക്കത്തയിലേക്കും 14, പുണെ- 13, കോഴിക്കോട്, ഗോവ, കണ്ണൂർ, തിരുവനന്തപുരം ഏഴുവീതവും സേലത്തേക്ക് അഞ്ചും സർവീസുകളാണ് ശൈത്യകാല സമയക്രമത്തിലുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ബംഗളൂരുവിലേക്ക് പത്ത്, ചെന്നൈ ഏഴ്, പുണെ ആറ്, ഹൈദരാബാദ് അഞ്ച് എന്നിങ്ങനെ അധിക സർവീസ് നടത്തും. ആകാശ എയർ അഹമ്മദാബാദിലേക്ക് ദിവസം അധിക സർവീസ് നടത്തും. അന്താരാഷ്‌ട്ര -ആഭ്യന്തരമേഖലയിൽ ആഴ്ചയിൽ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക. Read on deshabhimani.com