താങ്ങേകാന്‍ 
‘ക്ലൈമറ്റ് സ്മാർട്ട്‌ വില്ലേജു’കൾ



കൊച്ചി > തീരശോഷണം, കടൽക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങി കടലോരമേഖലയിലുള്ളവർ അനുഭവിക്കുന്ന കാലാവസ്ഥാകെടുതികൾ കുറയ്ക്കാൻ ക്ലൈമറ്റ് സ്‌മാർട്ട് വില്ലേജുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കെടുതി അനുഭവിക്കുന്ന ഗ്രാമങ്ങളെ ദത്തെടുത്ത് ബദൽ ഉപജീവനമാർഗ പരിശീലനവും അവബോധവും ക്ലൈമറ്റ് സ്‌മാർട്ട്‌ വില്ലേജ് പദ്ധതിയിലൂടെ നൽകും. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ആഗോള സമുദ്രമത്സ്യ കാലാവസ്ഥാ കോൺക്ലേവിൽ സിഎംഎഫ്ആർഐ ഇതുസംബന്ധിച്ച റിപ്പോർട്ട്‌ അവതരിപ്പിച്ചു. തീരദേശമേഖലയിൽ വർധിച്ചുവരുന്ന ജലജന്യരോഗങ്ങൾ നിയന്ത്രിക്കാൻ ജലഗുണനിലവാര പരിശോധനാ ക്ലിനിക്കുകള്‍ നിര്‍മിക്കാന്‍ സിഎംഎഫ്ആർഐ നിർദേശിച്ചു. സമുദ്രോപരിതല ഊഷ്മാവ് കൂടുന്നതിനെ തുടർന്ന് കടലിൽ സൂക്ഷ്മാണുക്കളുടെ തോത് കൂടുന്നതും വെള്ളപ്പൊക്കങ്ങളും ജലജന്യരോഗങ്ങൾക്ക് വഴിയൊരുക്കുന്നു. ചുഴലിക്കാറ്റ്, തീരശോഷണം തുടങ്ങിയവ ഉപജീവനത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്‌ക്കും ഭീഷണിയാകുന്നു. ക്ലൈമറ്റ് സ്മാർട്ട് വില്ലേജുകൾപോലുള്ള പദ്ധതികൾ കെടുതികളുടെ ആഘാതം കുറയ്‌ക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി പരിസ്ഥിതി മാനേജ്മെന്റ് വിഭാഗം മേധാവി ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു. കടൽപ്പായൽ കൃഷി, കൂടുമീൻകൃഷി-, കക്കവർഗങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള കൃഷിരീതി (ഇംറ്റ), കണ്ടൽവനവൽക്കരണം എന്നിവയും സിഎംഎഫ്‌ആർഐ നിർദേശിച്ചു. നിർമിത ബുദ്ധിയും ഉപഗ്രഹ റിമോട്ട്‌ സെൻസിങ്‌ സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള മത്സ്യലഭ്യതാ മുന്നറിയിപ്പുകൾക്കുള്ള സംവിധാനം വികസിപ്പിക്കുന്നതും ഗുണം ചെയ്യുമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ടില്‍ പറയുന്നു. കേന്ദ്ര ഫിഷറീസ് വകുപ്പും ബേ ഓഫ് ബംഗാൾ പ്രോഗ്രാമുമാണ് (ബിഒബിപി) കോൺക്ലേവ് സംഘടിപ്പിച്ചത്.   Read on deshabhimani.com

Related News