‘ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ട്‌’; ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി



തിരുവനന്തപുരം > വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിയെ തനിച്ചാക്കി മരണത്തിന്‌ കീഴടങ്ങിയ പ്രതിശ്രുത വരൻ ജെൻസന്റെ വേർപാടിൽ അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ലെന്നും ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുകയെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. വയനാടിനെ തകർത്ത ഉരുൾപൊട്ടലിൽ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവരെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. അച്ഛൻ്റെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തിൽ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.  ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ അടുപ്പമാണ് വിവാഹനിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ വിവാഹം നടത്താനിരിക്കുകയായിരുന്നു. എന്നാൽ ദുരന്തത്തിൽ ഉറ്റവരെല്ലാം നഷ്ടമായതോടെ   വിവാഹം നേരത്തെ ആക്കാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കൽപറ്റയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ജെൻസൺ മരണമടഞ്ഞത്. മുഖ്യംന്ത്രിയുടെ അനുശോചന കുറിപ്പിന്റെ പൂർണരൂപം വയനാടുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവർ ഇല്ലാതായ ചൂരൽമല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിരിക്കുന്നുവെന്ന വാർത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കൽപറ്റയിലെ വെള്ളാരംകുന്നിൽ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിൽ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്‌ടമായ ശ്രുതിക്ക് ഇപ്പോൾ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങൾക്ക് എന്ത് പകരം നൽകിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോൾ നൽകാൻ സാധിക്കുക. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ശ്രുതിക്കാവട്ടെ. Read on deshabhimani.com

Related News