യുഡിഎഫിനും ബിജെപിക്കും കേരളം നശിക്കണമെന്ന നിലപാട്: മുഖ്യമന്ത്രി
ചേലക്കര> കേരളത്തിന്റെ മാറ്റം ഇഷ്ടമാകാത്ത യുഡിഎഫും ബിജെപിയും സംസ്ഥാനം നശിക്കണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കര നിയോജക മണ്ഡലത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘എല്ലാവർക്കും രാഷ്ട്രീയ നിലപാടുണ്ട്, എല്ലാവർക്കും ജീവിക്കണം. ഇതിന് തടസ്സം നിൽക്കുന്ന നിലപാടാണ് യുഡിഎഫിനും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും. ദുരന്തമുണ്ടായപ്പോൾ ജനം ഒറ്റക്കെട്ടായിനിന്നു. സഹായിക്കേണ്ട കേന്ദ്ര സർക്കാർ കൂടെനിന്നില്ല. സഹായിക്കാൻ തയ്യാറുള്ളവരെ തടഞ്ഞു. സാലറി ചലഞ്ചുമായി സഹകരിക്കേണ്ടെന്ന് പറയാൻ കേരളത്തിൽ ആളുണ്ടായി. യുഡിഎഫ് നേതൃത്വം ഇതിനായി ശ്രമിച്ചു. കോടതിയെ സമീപിച്ചു. ഈ സമീപനം നാടിനെ ബാധിക്കുന്നതാണ്. 2021ൽ ഭരണം മാറുമെന്ന് യുഡിഎഫും ബിജെപിയും കരുതി. രണ്ട് കൂട്ടരും ഒന്നിച്ച് പ്രവർത്തിക്കുന്ന നിലയുണ്ടായി. എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ ഔദ്യോഗിക പരിവേഷത്തിന് കേന്ദ്രത്തെ സമീപിച്ചു. കേന്ദ്ര ഏജൻസികൾ നൽകുന്ന വ്യാജവാർത്ത വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ജനങ്ങൾ ഹൃദയാനുഭവങ്ങളുമായാണ് വോട്ട് ചെയ്യുന്നത്. വ്യക്തിപരവും കുടുംബപരവുമായ അനുഭവങ്ങൾ അവർക്കുണ്ടാകും. തങ്ങൾക്കുണ്ടായ മെച്ചം അവരുടെ മനസ്സിലുണ്ടാകും. അവരാണ് വോട്ടിങ് മെഷീനിലെ ബട്ടൺ അമർത്തുന്നത്. 2021ലെ തെരഞ്ഞെടുപ്പുഫലത്തിനോട് പൊരുത്തപ്പെടുത്താൻ കോൺഗ്രസിനും കൂടെയുള്ളവർക്കും ഒരുനിലയ്ക്കും കഴിയുന്നില്ല. കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കൊപ്പം അവർ നിന്നു. കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിനെതിരെ ഡൽഹിയിൽ പ്രതിഷേധിച്ചപ്പോൾ ക്ഷണിച്ചിട്ടും യുഡിഎഫ് നേതാക്കളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും വന്നില്ല’’- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com