കെഎഎസ് ഉദ്യോഗസ്ഥർ നവീകരണത്തിന് ചാലുകീറേണ്ടവർ; അടുത്ത ബാച്ച് ഉടനെന്നും മുഖ്യമന്ത്രി



തിരുവനന്തപുരം>  നവീകരണത്തിന് ചാലുകീറേണ്ടവരാണ് കെഎഎസ് ഉദ്യോഗസ്ഥരെന്നും നിലവിലെ സമ്പ്രദായങ്ങൾ അതേപടി പിന്തുടരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) ഓഫീസേഴ്‌സ് അസോസിയേഷൻ ഒന്നാം വാർഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 ഡിസംബർ 29നാണ് സംസ്ഥാനത്ത് കെഎഎസ് ചട്ടം പുറപ്പെടുവിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ഒന്നര വർഷത്തിന് ശേഷം ചില കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനായി. പല കോണുകളിൽ നിന്നും പോസിറ്റീവ് റിസൾട്ട് ലഭിച്ചു. എങ്കിലും ഇനിയും മുന്നേറാൻ ഉണ്ട്.  ഇക്കാര്യം ഓർമയിൽ വേണം. അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടൻ ഉണ്ടാകും.കെഎഎസിലെ എല്ലാ ഉദ്യോഗസ്ഥരും പുതിയ ബാച്ചുകൾക്ക് മാതൃകയാകണം. അതിനൊത്ത് പ്രവർത്തിക്കണം. ഓരോ ചുമതലയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉത്തരവാദിത്വപൂർണമായ ഉദ്യോഗസ്ഥ സംസ്‌കാരം നമുക്ക് അനിവാര്യമാണ്. പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവി ആകരുത്. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡം. ഫയലുകളിൽ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News