മാധ്യമപ്രവർത്തനം 
വിവാദവ്യവസായമാകരുത്‌: മുഖ്യമന്ത്രി



കൊച്ചി> വിവാദവ്യവസായമായി മാധ്യമപ്രവർത്തനം കൂപ്പുകുത്തുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ട ചുമതല മാധ്യമപ്രവർത്തകർക്കുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം എറണാകുളം പാലാരിവട്ടം റിനൈ കൊളോസിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലീന മാധ്യമപ്രവർത്തനത്തിന്റെ ന്യായ, അന്യായങ്ങളും ബ്രേക്കിങ്‌ ന്യൂസ് സംസ്‌കാരവും വാർത്താമാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കണം.  വികസനത്തിന്റെയും ക്ഷേമത്തിന്റെയും വാർത്തകൾ മലയാളമാധ്യമങ്ങളിൽ തുലോം കുറവാണ്‌. വിവാദങ്ങളുടെയും വികാരങ്ങളുടെയും പുറകെ പോകുമ്പോൾ വിവരങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടോ എന്നും പരിശോധിക്കണം. നാടിനുവേണ്ടി ത്യാഗോജ്വലപ്രവർത്തനം നടത്തിയ മുൻകാല മാധ്യമപ്രവർത്തകർ നിയന്ത്രണവും ജാഗ്രതയുമുള്ള പത്രപ്രവർത്തനശൈലിയാണ്‌ പുലർത്തിയത്‌. അലക്ഷ്യമായി ഒന്നും എഴുതില്ലെന്നും ദേഷ്യമോ വിദ്വേഷമോ തീർക്കാനും വൈകാരികവിസ്‌ഫോടനത്തിനും പേന ചലിപ്പിക്കില്ലെന്ന്‌ അവർ ഉറപ്പുവരുത്തി. മാറ്റങ്ങൾ പലതുണ്ടായാലും മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡം  മാറുന്നില്ലെന്ന്‌ ഉറപ്പാക്കണം. യഥാർഥ പ്രശ്‌നങ്ങൾ കൊണ്ടുവന്ന്‌ പരിഹാരംകണ്ട്‌ സമൂഹത്തെ മുന്നോട്ടുനയിക്കാനുമുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്‌. വിമർശങ്ങൾക്ക് അതീതരാണെന്ന ചിന്ത മാധ്യമപ്രവർത്തകർക്കിടയിൽ വളരുന്നുണ്ടോ എന്നതും വിലയിരുത്തണം. വിമർശിക്കുമ്പോഴും തെറ്റ്‌ ചൂണ്ടിക്കാണിക്കുമ്പോഴും ക്രിയാത്മകമായി ഉൾക്കൊള്ളാൻ കഴിയണം. അഭിപ്രായസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കൈകടത്തുന്നില്ലെന്ന്‌ ഉറപ്പുവരുത്തുകയാണ് നീതിയുക്തമായ മാധ്യമപ്രവർത്തനം. മാധ്യമപ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ആരോഗ്യകരമായ സമീപനമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News