നിപാ ബാധിച്ച് മരണം: കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം> നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും പറഞ്ഞു. ഞായറാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് കുട്ടിമരിച്ചത്. കഴിഞ്ഞ 13-ാം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വച്ചാണ് നിപ സംശയമുണ്ടാകുകയും സ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപാ സ്ഥിരീകരിച്ചത്.   Read on deshabhimani.com

Related News