പാണക്കാട് തങ്ങൾക്കെതിരെ നടത്തിയത് രാഷ്‌ട്രീയ വിമർശനം: മുഖ്യമന്ത്രി
കോഴിക്കോട്> വോട്ടിനായി ലീഗ്, ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും കൂട്ടുപിടിക്കുന്നതിലുള്ള രാഷ്‌ട്രീയ വിമർശനമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനെന്ന നിലയ്‌ക്കാണ് വിമർശനം. അത് വ്യക്തിപരമല്ല. സിപിഐ എം സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടമായ നായനാർ ഭവൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബാബ്‌റി മസ്‌ജിദ് പൊളിച്ചപ്പോഴും അതിന് ഒത്താശ ചെയ്‌ത കോൺഗ്രസിനൊപ്പം മന്ത്രിസ്ഥാനം നിലനിർത്താനായി മാത്രം കൂടെ നിന്നവരാണ് ലീഗ്. അണികളിൽനിന്ന് പ്രതിഷേധമുണ്ടായപ്പോഴും അധികാരത്തിനായി പ്രതിഷേധമില്ലാതെ തുടർന്നു. എന്നിട്ടും ലീഗ് പാഠം പഠിച്ചില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യുകയാണിപ്പോഴും. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമിയെയും എസ്‌ഡിപിഐയെയും കൂടെ ചേർക്കുകയാണ് ലീഗ്. ‘‘വർഗീയതയോട് വിട്ടുവീഴ്‌ച ചെയ്‌ത് അണികളെയും ഭരണമുണ്ടായിരുന്ന പ്രദേശങ്ങളും നഷ്‌ടപ്പെട്ട കോൺഗ്രസിന്റെ അനുഭവം നിങ്ങൾ കാണുന്നില്ലേ. ആത്യന്തികമായി നിങ്ങൾക്കത് ഗുണമാണോ ചെയ്യുക. തെരഞ്ഞെടുപ്പ് ജയവും പരാജയവും അല്ല, നാടിന്റെ ഭാവിക്ക് ഇത് ഗുണകരമാവുമോ എന്ന് നിങ്ങൾ ചിന്തിക്കണം. വർഗീയതയെ എതിർത്താണ് പോവേണ്ടത്. അതേക്കുറിച്ച് ചോദിച്ചപ്പോൾ തീവ്രഭാഷയിലാണ് മറുപടി. അത്തരം ജൽപ്പനങ്ങൾക്ക് മറുപടി പറയുന്നില്ല. നിങ്ങൾ ചെയ്‌ത തെറ്റിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്’’–- മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com