ഗ്രൂപ്പുകളോ കോക്കസുകളോ ഭരിക്കുന്നതാവരുത് സിനിമ; സർക്കാർ നിലകൊള്ളുന്നത് ചൂഷണം ചെയ്യപ്പെട്ടവർക്കൊപ്പം: മുഖ്യമന്ത്രി
തിരുവനന്തപുരം > സിനിമ മേഖലയിൽ ചൂഷണം നേരിടുന്നവർക്കൊപ്പമാണ് എക്കാലവും സർക്കാർ നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രൂപ്പുകളോ കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. കഴിവും സര്‍ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്‍റെയും മാനദണ്ഡം. ഇരക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും അത് ഇവിടെയും തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ആമുഖമായി എടുത്തു പറയുന്നുണ്ട്. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് ചില ഗൗരവതരമായ വിഷയങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് സര്‍ക്കാര്‍ ഈ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യവും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി റിട്ടയേഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയും സിനിമാ താരം ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വല്‍സലകുമാരി എന്നിവര്‍ അംഗങ്ങളായുമുള്ള സമിതിയെ ചുമതലപ്പെടുത്തി 2017 ജൂണ്‍ ആറിനാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ആറ് മാസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. നിശ്ചിത സമയത്തിനുളളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവത്തതിനാല്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി. 2019 ഡിസംബറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതീവ പ്രധാന്യം നല്‍കി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അടിയന്തരസ്വഭാവത്തില്‍ പരിഗണിക്കേണ്ടതും ഉടന്‍ പരിഹാരം സൃഷ്ടിക്കേണ്ടതുമായ പ്രശ്നങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തീര്‍പ്പുണ്ടാക്കിയത്. വിശദമായ പരിശോധനയിലൂടെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ തുടര്‍ന്ന് പരിഗണിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന് പൊതുമാര്‍ഗരേഖ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടോ എന്ന പ്രശ്നം അഭിസംബോധന ചെയ്യാനാണ് അടുത്ത ഘട്ടത്തില്‍ ശ്രമിച്ചത്. 2020ൽ പുറപ്പെടുവിച്ച ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് റിപ്പോർട്ട് പുറത്തുവിടാൻ കമീഷൻ നിർദേശിച്ചത്. സ്വകാര്യതയെ മാനിച്ചുകൊണ്ട് വ്യക്തികളുടെ പേരുകൾ മറച്ചുവച്ച് റിപ്പോർട്ട് പുറത്തുവിടാനാണ് സർക്കാർ തീരുമാനിച്ചത്. സർക്കാരിന് ഇതിൽ ഒരു നിലപാട് മാത്രമേയുള്ളു. അത് മുമ്പും പറഞ്ഞിരുന്നതാണ്. റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും സർക്കാർ നടത്തിയിട്ടില്ല. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണിത്. സിനിമാ മേഖല കുത്തഴിഞ്ഞതാണെന്നോ, അതിലെ സാങ്കേതിക പ്രവര്‍ത്തകരും നടീ നടന്‍മാരും ആകെ അസാന്‍മാര്‍ഗിക സ്വഭാവം വെച്ച് പുലര്‍ത്തുന്നവരാണെന്നോ ഉളള അഭിപ്രായം സര്‍ക്കാരിന് ഇല്ല. ഒരു റിപ്പോര്‍ട്ടിന്‍റെ ഭാഗമായി സിനിമയിലെ ചിലര്‍ക്ക് ഉണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുളള മലയാള സിനിമ രംഗത്തെ വിലയിരുത്തരുത്. പ്രമേയത്തിന്‍റെ ശക്തിസ്ഥിരത കൊണ്ട് മനുഷ്യകഥാനുഗായികളായ എത്രയോ നല്ല ചലച്ചിത്രങ്ങള്‍ ജനിച്ച മണ്ണാണിത്. ലോകസിനിമാ ഭൂപടത്തില്‍ മലയാളത്തിന്‍റെ ശക്തിയും സൗന്ദര്യവും എത്രയോ വട്ടം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. നൂതനമായ പരീക്ഷണങ്ങള്‍ കൊണ്ട് വ്യതിരിക്തമായ സിനിമാഭാഷക്ക് വ്യാകരണം ചമച്ച നാടാണ് കേരളം. അത്തരം ഒരു ഭാഷയിലെ ചലച്ചിത്രരംഗത്തെ ആകെ ചെളിവാരിയെറിയുന്ന തരം ആക്ഷേപങ്ങള്‍ ഈ നാടിന്‍റെ സിനിമ പുരോഗതിക്ക് ചേരില്ല. എന്നാല്‍ അനഭിലഷണീയമായ പ്രവണതകളോട് യാതൊരു സന്ധിയും പാടില്ല. വിദ്യാസമ്പന്നരും, പുരോഗമന വീക്ഷണവും ഉള്ളവരാണ് നമ്മുടെ നാട്ടിലെ മഹാഭൂരിപക്ഷം സിനിമാ പ്രവര്‍ത്തകരും. സിനിമാ തിരക്കഥയുടെ ഭാഗമായി വില്ലന്‍മാരുണ്ടാകാം. പക്ഷെ സിനിമാ വ്യവസായത്തില്‍ വില്ലന്‍മാരുടെ സാനിധ്യം ഉണ്ടാവാന്‍ പാടില്ല. സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന ചെറുപ്പക്കാരും ചെറുപ്പക്കാരികളും പുതിയ കാലഘട്ടത്തിന്‍റെ പ്രതിനിധികളാണ്. അപ്രഖ്യാപിതമായ വിലക്കുകള്‍ കൊണ്ട് ആര്‍ക്കും ആരെയും ഇല്ലാത്താക്കാന്‍ കഴിയില്ലന്നാണ് ഈ തലമുറ നമ്മളോട് പറയുന്നത്. സിനിമക്കുളളിലെ അനഭലഷണീയമായ പ്രവണതകളെ ചോദ്യം ചെയ്യാനും എടുക്കുന്ന ജോലിക്ക് മാന്യമായ വേതനവും ഉറപ്പ് വരുത്താനും സിനിമയിലെ സംഘടനകള്‍ മുന്‍കൈ എടുക്കണം. സിനിമക്കുളളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ല. മാന്യമായ പെരുമാറ്റവും, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും ഉറപ്പ് വരുത്തുന്നില്ലെങ്കില്‍ മലയാളസിനിമക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. ലോബിയിംഗിന്‍റെ ഭാഗമായി കഴിവുളള നടീ നടന്‍മാരെ ഒറ്റപ്പെടുത്തുകയോ അവരുടെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടാവരുത്. ആശയപരമായ അഭിപ്രായഭിന്നതകള്‍ സിനിമയെ ശക്തിപെടുത്താന്‍ വേണ്ടിയുളളതാവണം. ആരേയും ഫീല്‍ഡ് ഔട്ട് ആക്കാനോ, കഴിവില്ലാത്തവര്‍ക്ക് അവസരം നല്‍കാനോ സിനിമക്കുള്ളിലെ ആരും തങ്ങളുടെ അധികാരങ്ങള്‍ ഉപയോഗിക്കരുത്. കഴിവും സര്‍ഗാത്മകതയും തന്നെയായിരിക്കണം സിനിമയിലെ എല്ലാ തരം സാങ്കേതിക പ്രവര്‍ത്തനത്തിന്‍റെയും മാനദണ്ഡം. ഗ്രൂപ്പുകളോ കോക്കസുകളൊ ഭരിക്കുന്നതാവരുത് സിനിമ. സമൂഹത്തിന്‍റെ പരിച്ഛേദമാണ് സിനിമാവ്യവസായത്തിന്‍റെ ഭാഗമാകുന്നത് എന്നത്കൊണ്ടുതന്നെ സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ സിനിമയിലും എത്തുക സ്വഭാവികമാണ്. സിനിമക്കുളളിലെ ചൂഷണം അത് ലൈംഗികമായ ചൂഷണമാണെങ്കിലും, സാമ്പത്തികമായതാണെങ്കിലും മാനസികമായ ചൂഷണമാണെങ്കിലും ചൂഷകര്‍ക്ക് ഒപ്പമല്ല, മറിച്ച് ചൂഷണം ചെയ്യപ്പെടുന്നവരോട് ഒപ്പമാണ് സര്‍ക്കാര്‍. ഇരക്ക് നിരുപാധികമായ ഐക്യദാര്‍ഢ്യവും വേട്ടക്കാരനെതിരെ സന്ധിയില്ലാത്ത പോരാട്ടവുമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്ര. അത് ഒരിക്കലല്ല, പല തവണ ഈ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തി കൊണ്ട് അടയാളപ്പെടുത്തിയിട്ടുളളതാണ്. ഗ്രൂപ്പുകളോ കോക്കസോ ഭരിക്കുന്നതാകരുത് മലയാള സിനിമ. പരാതികൾ ലഭിക്കുന്നതിനനുസരിച്ച് നടപടികൾ കൃത്യമായി എടുക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലടക്കം നിയമനടപടികൾ ഉണ്ടാകുന്നുണ്ട്. പരാതി ലഭിച്ച കേസുകളിൽ മുഖം നോക്കാതെയാണ് നടപടി എടുത്തത്. കമീഷനിൽ മൊഴി നൽകിയ വനിതകൾ പരാതി നൽകുകയാണെങ്കിൽ സർക്കാർ ഒപ്പം നിൽക്കും. എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com