സഹ. ബാങ്കിന്റെ പേരിൽ കോൺഗ്രസിൽ തമ്മിലടി: 4 പേരെ പുറത്താക്കി



കോഴിക്കോട് > സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി കോൺഗ്രസിൽ തമ്മിലടിയും ഗ്രൂപ്പ്‌ പോരും കൊഴുക്കുന്നു. പട്ടർപാലം അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ നേതൃത്വത്തിനെതിരായി രംഗത്തുവന്ന നാലുപേരെ ഡിസിസി പാർടിയിൽനിന്ന്‌ പുറത്താക്കി. ചേവായൂർ, കാരന്നൂർ സഹകരണ ബാങ്കുകളിൽ തർക്കം രൂക്ഷമായതിനുപിറകെയാണ്‌ പട്ടർപാലത്തെ അച്ചടക്ക നടപടി. എലത്തൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ധീരജ്, ജനറൽ സെക്രട്ടറിമാരായ പ്രദീപൻ, അഭിലാഷ്, തലക്കുളത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ നാസർ അറപ്പിൽ എന്നിവരെയാണ്‌ പുറത്താക്കിയത്‌. സംഘടനാവിരുദ്ധ കുറ്റമാണ്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ ഇവർക്കെതിരെ നടപടിക്ക്‌ കാരണമായി  പറഞ്ഞത്‌. ചേവായൂർ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഭീഷണി മുഴക്കിയിരുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തായിരുന്നു സുധാകരന്റെ കൊലവിളി. ഈ പ്രസംഗത്തിന്‌ പിന്നാലെയാണ്‌  നടപടിയെന്നതും ശ്രദ്ധേയം.  നേരത്തെ ചേവായൂരിലും പുറത്താക്കൽ നടപടിയുണ്ടായി. സഹകരണ ബാങ്കുകളിലെ അഴിമതിക്കും നേതൃത്വ താൽപ്പര്യങ്ങൾക്കും വഴങ്ങാത്തവരെ പുറത്താക്കിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനുള്ള നീക്കമായാണ്‌ കോൺഗ്രസിലെ ഒരുവിഭാഗം ഇതിനെ കാണുന്നത്‌. Read on deshabhimani.com

Related News