മട്ടന്നൂര്‍ നായിക്കാലിയില്‍ റോഡ് പുഴയെടുത്തു; പൂർണ ഗതാഗത നിരോധനം



മട്ടന്നൂര്‍ > കണ്ണൂരിലെ മരുതായി നായിക്കാലിയിൽ റോഡ് പുഴയെടുത്തു. പ്രളയത്തിൽ തകർന്ന റോഡിന്റെ പുനർനിർമാണം നടക്കുന്ന ഭാഗമാണ് വ്യാഴാഴ്ച മണ്ണിടിഞ്ഞ് പുഴയിലേക്ക് താഴ്ന്നത്. മഴ ശക്തമായതോടെ ഇവിടെ മണ്ണിടിച്ചല്‍ തുടരുകയാണ്. നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ തകർന്ന റോഡിന്റെ അരികിലൂടെയാണ് നിലവിൽ  വാഹനങ്ങൾ പോയിരുന്നത്. ഈ ഭാഗംകൂടി പുഴയെടുത്തതോടെ പൂര്‍ണമായും ഗതാഗതം തടസപ്പെട്ടു. റോഡ്‌ ഇടിഞ്ഞതിന്‌ പിന്നാലെ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് 18 മുതൽ ഇനി ഒരയിറിയിപ്പുണ്ടാവുന്നതുവരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. ഇരിക്കൂറില്‍ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയർ അറിയിച്ചു. സ്വകാര്യ ബസുകൾ മുതൽ ഭരമേറെയുള്ള ലോറികൾവരെ പോകുന്ന റോഡാണിത്. മണ്ണിടിച്ചല്‍ കാണപ്പെട്ടതോടെ നഗരസഭാ ചെയർമാൻ എൻ ഷാജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച സ്ഥലം സന്ദർശിച്ച് റോഡിൽ നിയന്ത്രണമേർപ്പെടുത്താൻ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥര്‍ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പ്രദേശത്ത് സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാൽ വലിയ അപകടങ്ങള്‍ ഒഴിവായി. മഴ ശക്തി പ്രാപിക്കുന്നതിനനുസരിച്ച്‌ പുഴയിൽ വെള്ളം ഉയരുന്നുണ്ട്. Read on deshabhimani.com

Related News