രക്തനക്ഷത്രമായി പുഷ്പൻ; ജനസാ​ഗരം സമരനായകന് വിടനൽകി

ഫോട്ടോ: മിഥുൻ അനില മിത്ര


തലശേരി> സഹനത്തിന്റെ മഹാസാഗരം താണ്ടിയ സമരനായകൻ പുഷ്പന് (54) നാടിന്റെ ഹൃദയാഞ്ജലി. കൂത്തുപറമ്പിലെ ഉജ്വല സമരത്തിന്‌ ജീവനും ജീവിതവും നൽകിയ പുഷ്‌പന്റെ മൃതദേഹം വൈകുന്നേരം അഞ്ചിന് ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു. വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട്‌ ജീവിതത്തോട്‌ പൊരുതിയ പുഷ്പന്റെ മൃതദേഹം കോഴിക്കോട് നിന്നും വിലാപയാത്രയായാണ് ജന്മനാടായ ചൊക്ലിയിലെത്തിച്ചത്. കോഴിക്കോട്ടും കണ്ണൂരിലുമായി നടത്തിയ പൊതുദർശനങ്ങളിൽ പ്രിയനേതാവിന്  അന്ത്യാഭിവാദ്യമർപ്പിക്കായി ആയിരങ്ങളാണ് അണിനിരന്നത്. ജനനേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിവരെല്ലാം ആദരാഞ്ജലി നേർന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽനിന്ന് ഏറ്റുവാങ്ങിയ പുഷ്പന്റെ ചേതനയറ്റ ശരീരം ശനിയാഴ്ച സന്ധ്യക്കാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത്‌ സെന്ററിലെത്തിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോടുനിന്നും വിലാപയാത്ര പുറപ്പെട്ടു. എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി,  മാഹിപാലം, പുന്നോൽ എന്നിവടങ്ങളിലെ പൊതുദർശനത്തിന് ശേഷം പത്തരയോടെ കണ്ണൂരിലെത്തി. തുടർന്ന് തലശേരി ടൗൺ ഹാൾ, കൂത്തുപറമ്പ്, പാനൂർ, പൂക്കോം, രജിസ്ട്രാപ്പീസ്, ചൊക്ലി രാമവിലാസം സ്കൂളിൽ എന്നിവടങ്ങളിലെ പൊതുദർശനത്തിന് ശേഷമാണ് പുഷ്പന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രിയപ്പെട്ടവനെ അവസാനമായി കാണാൻ ജനമൊഴുകിയെത്തി. 1994 നവംബർ 25ന്‌ യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ കൂത്തുപറമ്പിൽ മന്ത്രി എം വി രാഘവനെ കരിങ്കൊടി കാണിച്ച്‌ ഡിവൈഎഫ്‌ഐയുടെ ഐതിഹാസിക പോരാട്ടത്തിനുനേരെയുണ്ടായ പൊലീസ്‌ വെടിവയ്‌പ്പിൽ കെ കെ രാജീവൻ, കെ വി റോഷൻ, ഷിബുലാൽ, ബാബു, മധു എന്നിവർ രക്തസാക്ഷികളായി. വെടിയേറ്റ്‌ ഇരുപത്തിനാലുകാരനായ പുഷ്‌പന്റെ സുഷുമ്നാനാഡി തകർന്നു. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള യാത്രയ്‌ക്കിടയിലും സമകാലിക രാഷ്‌ട്രീയ– സാമൂഹ്യസംഭവ വികാസങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചിരുന്നു. കൂത്തുപറമ്പ്‌ സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങൾ അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റശബ്ദമായി പുഷ്‌പൻ. കമ്യൂണിസ്‌റ്റുകാരന്റെ ഇച്ഛാശക്തിയോടെ അന്ത്യംവരെ പൊരുതി. ഡിവൈഎഫ്‌ഐ നിർമിച്ചുനൽകിയ വീട്ടിലായിരുന്നു താമസം. കർഷകത്തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും മകനാണ്‌. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക്‌ ഓഫീസ്‌ തലശേരി). Read on deshabhimani.com

Related News