സ്വാമിയുടെ കൈപിടിച്ച്‌ സഖാവായി; സ്‌ത്രീകളെ മുൻനിരയില്‍ എത്തിക്കാൻ മുന്നിട്ടിറങ്ങി



കൊച്ചി > ഇ എം എസ്‌ അടക്കം കേരളത്തിലെങ്ങുമുള്ള സഖാക്കൾ സ്വാമി എന്ന്‌ വിളിച്ചിരുന്ന ഇ ബാലാനന്ദന്റെ ജീവിതസഖിയായി വരുമ്പോൾ സരോജിനി ബാലാനന്ദൻ ഒരു കോൺഗ്രസ്‌ അനുഭാവിയായിരുന്നു. കുടുംബപശ്ചാത്തലം അതായിരുന്നു. എന്നാൽ ബാലാനന്ദന്റെ രാഷ്‌ട്രീയജീവിതവും  വിഷമകാലങ്ങളിൽ താങ്ങായ സഖാക്കളുടെ കരുതലും  പുതിയ പാഠമായപ്പോൾ സരോജിനിയും സഖാവായി.  ആ കാലം ബാലാന്ദന്റെ ആത്മകഥയിൽ(നടന്നുതീർത്ത വഴികൾ)തിളക്കമുള്ള ഓർമകളായി. വിവാഹശേഷം ഉടൻതന്നെ തൊഴിലാളിസമരവുമായി ബന്ധപ്പെട്ട്‌ ബാലാനന്ദന്‌ വീട്ടിൽനിന്ന്‌ മാറിനിൽക്കേണ്ടിവന്നു. അന്ന്‌ സരോജിനി സമരപ്പന്തലിൽ വന്ന് കാണാറുള്ളതും ബാലാനന്ദൻ വിവരിച്ചിട്ടുണ്ട്‌. കളമശേരി ശ്രീചിത്ര മില്ലിൽ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ കമ്പനിപ്പടിക്കൽ ടി കെ രാമകൃഷ്‌ണനും വി ജി ഭാസ്‌കരൻനായർക്കുമൊപ്പം ബാലാനന്ദനും നിരാഹരസമരം തുടങ്ങി. ടെക്‌സ്‌റ്റൈൽ തൊഴിലാളി സഹകരണസംഘത്തിൽ ക്ലർക്കായി ജോലിക്ക്‌ കയറിയിരുന്ന സരോജിനി ദിവസവും വൈകിട്ട്‌ സമരപ്പന്തലിൽ എത്തിയാണ്‌ ബാലാനന്ദനെ കണ്ടിരുന്നത്‌. കമ്യൂണിസ്‌റ്റ്‌ നേതാക്കളെ പൊലീസ്‌ വേട്ടയാടിയ 1964ൽ എ കെ ജിക്കൊപ്പം വിയ്യൂർ ജയിലിൽ ബാലാനന്ദൻ തടവിലായിരുന്നു. അന്ന്‌ ഗർഭിണിയായിരുന്ന സരോജിനിയെ അയൽവീട്ടുകാർ കൂത്താട്ടുകുളം മേരിയെപ്പോലുള്ള ധീരവനിതകളുടെ അനുഭവങ്ങൾ പറഞ്ഞാണ്‌ ധൈര്യം പകർന്നത്‌. അടിയന്തരാവസ്ഥക്കാലത്ത്‌ കുറച്ചു പശുക്കളെയും എരുമകളെയും വളർത്തി പാൽവിറ്റാണ്‌ സരോജിനി വീട്ടാവശ്യങ്ങൾ നടത്തിയത്‌. കളമശേരിയിൽ കരപ്പാടത്ത്‌ ഒന്നരപ്പതിറ്റാണ്ടോളമായി കൃഷിയുണ്ടായിരുന്നു. അവിടെനിന്ന്‌ ലഭിക്കുന്ന വൈക്കോൽ ഉപയോഗിക്കുന്നതുസംബന്ധിച്ചുണ്ടായ ആലോചനയാണ്‌ കന്നുകാലി വളർത്തലിലെത്തിയത്‌. സഖാക്കളുടെയും സുഹൃത്തുക്കളുടെയും സഹായമാണ്‌ ഇതിനൊക്കെ ധൈര്യം പകർന്നതെന്ന്‌ ബാലാനന്ദൻ അനുസ്‌മരിച്ചിട്ടുണ്ട്‌.ഇ ബാലാനന്ദൻ 1957 സെപ്‌തംബർ ഒന്നിനാണ്‌ സരോജിനിയെ വിവാഹം കഴിച്ചത്‌. അന്ന്‌ സരോജിനി കൊല്ലം എസ്‌എൻ കോളേജിൽ ഇന്റർമീഡിയറ്റ്‌ വിദ്യാർഥിനിയായിരുന്നു. രണ്ട്‌ താലിയും ഇരട്ടപ്പഴവും ബാലാനന്ദന്റെ അമ്മയുടെ ബന്ധുവായ കേശവൻ വൈദ്യന്റെ മകളാണ്‌ സരോജിനി. കേശവൻ വൈദ്യൻ അറിയപ്പെടുന്ന വിഷഹാരിയായിരുന്നു. 1957 സെപ്‌തംബർ ഒന്നിനായിരുന്നു ബാലാനന്ദനും സരോജിനിയുമായുള്ള വിവാഹം. വിവാഹത്തിന്‌ കൗതുകകരമായ ഒരു രംഗമുണ്ടായി. സരോജിനിക്ക്‌ രണ്ട്‌ താലിമാല ലഭിച്ചു. ഒന്ന്‌ ബാലാനന്ദന്റെ അമ്മയുടെ വകയും ഒന്ന്‌ അച്ഛന്റെ വകയും. ബാലാനന്ദന്റെ കുട്ടിക്കാലത്തേ അച്ഛനമ്മമാർ പിരിഞ്ഞ്‌ ഇരുവരും പുനർവിവാഹം ചെയ്‌തിരുന്നു. എങ്കിലും അച്ഛൻ അവകാശം എന്ന നിലയ്‌ക്ക്‌ മകന്റെ വിവാഹത്തിന്‌ താലിമാല വാങ്ങിവരികയായിരുന്നു. ഒന്നാം ഇ എം എസ്‌ മന്ത്രിസഭ അധികാരമേറ്റ്‌ ഏതാനും മാസങ്ങൾക്കകമായിരുന്നു വിവാഹം. ബാലാനന്ദൻ അന്ന്‌ എഐടിയുസി ജില്ലാ സെക്രട്ടറിയാണ്‌. അതിന്റെ സംസ്ഥാന നേതാവാണ്‌ മന്ത്രി ടി വി തോമസ്‌. അദ്ദേഹവും ഗൗരിയമ്മയും തമ്മിലുള്ള വിവാഹം മൂന്നുമാസംമുമ്പായിരുന്നു. ബാലാനന്ദന്റെ വിവാഹം കഴിഞ്ഞ്‌ നവദമ്പതികളെ മന്ത്രിദമ്പതികൾ വിരുന്നിന്‌ ക്ഷണിച്ചു. ഊണ്‌ കഴിഞ്ഞ്‌ ടി വി ഇരുവർക്കും പഴം നൽകി. സരോജിനിക്ക്‌ ലഭിച്ചത്‌ ഇരട്ടപ്പഴമായിരുന്നു. ഇതുകണ്ട ഗൗരിയമ്മ പഴം പിടിച്ചുവാങ്ങി മറ്റൊന്ന്‌ കൊടുത്തു. ഇരട്ടപ്പഴം കഴിച്ചാൽ ഇരട്ടക്കുട്ടികൾ ഉണ്ടാകുമെന്ന്‌ പറഞ്ഞായിരുന്നു ഇതെന്ന്‌ ബാലാനന്ദൻ ആത്മകഥയിൽ ഓർക്കുന്നുണ്ട്‌.   കൊടിയ മർദനം നേരിട്ട സമരമുഖങ്ങൾ സമരമുഖങ്ങളിൽ ധീരയായി പോരാടിയ സരോജിനി ബാലാനന്ദൻ പൊലീസിന്റെയും സാമൂഹ്യവിരുദ്ധരുടെയും കൊടിയ മർദനങ്ങളും പലതവണ നേരിട്ടിട്ടുണ്ട്‌. വിലക്കയറ്റത്തിനെതിരെ മഹിളാ അസോസിയേഷൻ നേതൃത്വം കൊടുത്ത സമരത്തിലും അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് സിഐടിയു നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടയിലും ക്രൂരമായ മർദനമാണ്‌ ഏൽക്കേണ്ടിവന്നത്‌. പൂഴ്‌ത്തിവയ്‌പും വിലക്കയറ്റവും സൃഷ്ടിക്കുന്ന വ്യാപാരികൾക്കെതിരെ മഹിളാ അസോസിയേഷൻ പ്രവർത്തകർ 1974ൽ എറണാകുളം ബ്രോഡ്‌വെയിൽ സമരം നടത്തി. സമരത്തിൽ പങ്കെടുത്തവരെ വ്യാപാരികളുടെ നേതൃത്വത്തിൽ അക്രമികൾ ക്രൂരമായി മർദിച്ചു. പ്രകടനത്തിൽ മുൻനിരയിലുണ്ടായിരുന്ന സരോജിനി ബാലാനന്ദനെയും മറ്റു നേതാക്കളെയും കടയിൽ അടച്ചിട്ടാണ്‌ മർദിച്ചത്‌. വിവരമറിഞ്ഞ് ബ്രോഡ്‌വെ കേന്ദ്രീകരിച്ച്‌ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. തൊട്ടടുത്ത പൊലീസ് ക്യാമ്പിൽനിന്ന്‌ പൊലീസ് ഇറങ്ങി വിദ്യാർഥികളെ തല്ലിച്ചതച്ചു. തോമസ് ഐസക്‌ ഉൾപ്പെടെ എല്ലാവർക്കും അടികിട്ടി. എന്നാൽ, സമരത്തിന്‌ ജനപിന്തുണ ലഭിച്ചതിനാൽ വിലകുറയ്ക്കാൻ കച്ചവടക്കാർ നിർബന്ധിതരായി. 1986ലെ അഖിലേന്ത്യാ പൊതുപണിമുടക്കിന്‌ കളമശേരിയിൽ ദേശീയപാതയിൽ തൊഴിലാളികളുടെ പ്രകടനം നടന്നു. എലൂർ, കളമശേരി വ്യവസായമേഖല കേന്ദ്രീകരിച്ച് രാവിലെയായിരുന്നു പ്രകടനം. ബന്ദിന്‌ സമാനമായ പണിമുടക്കായിരുന്നു. പ്രീമിയർ കവലയിൽനിന്ന് ആരംഭിച്ച പ്രകടനം എച്ച്എംടി ജങ്‌ഷനുസമീപം റെയിൽവേ മേൽപ്പാലത്തിലെത്തിയപ്പോൾ പൊലീസ് ജാഥ തടഞ്ഞു. എന്നാൽ മുൻനിരയിലുണ്ടായിരുന്ന സരോജിനി ബാലാനന്ദൻ, സി എം ദിനേശ്‌മണി, കെ ചന്ദ്രൻപിള്ള, പി എസ്‌ ഗംഗാധരൻ, ടി കെ ജോഷി, എ എം യൂസഫ്, കെ ബി വർഗീസ്, എം എസ് ശിവശങ്കരൻ, കെ എൻ ഗോപിനാഥ്‌ ഉൾപ്പെടെയുള്ള നേതാക്കൾ മുന്നോട്ടുനീങ്ങി. വെടിവയ്ക്കുമെന്ന് സിഐ ആക്രോശിച്ചു. ഉന്തും തള്ളുമായി. പൊലീസ്‌ ആദ്യം ആകാശത്തേക്ക്‌ വെടിവച്ചു. തുടർന്ന് ലാത്തിച്ചാർജ്. കൈയ്യിന്റെ എല്ല്‌ പൊട്ടിയ സരോജിനിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. കൽപന ദത്ത്‌, അല്ലി സുരേന്ദ്രൻ തുടങ്ങിയർക്കും ഭീകരമർദനമേറ്റു. ഇവരടക്കം 14 പേരെ പൊലീസ്‌  അറസ്റ്റ് ചെയ്ത്‌ ആലുവ സബ്ജയിലിൽ അടച്ചു.   സ്‌ത്രീകളെ മുൻനിരയില്‍
 എത്തിക്കാൻ മുന്നിട്ടിറങ്ങി സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടപെട്ട്‌ സ്‌ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലെത്തിക്കാൻ പോരാടിയ വ്യക്തിത്വമാണ്‌ സരോജിനി ബാലാനന്ദന്റേത്‌. ഇ ബാലാനന്ദന്റെ തിരക്കേറിയ രാഷ്‌ട്രീയ, ട്രേഡ്‌ യൂണിയൻ പ്രവർത്തനങ്ങൾക്ക്‌ പിന്തുണയുമായി നിൽക്കുമ്പോഴും സജീവ രാഷ്‌ട്രീയ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അവർക്ക്‌ കഴിഞ്ഞു. വിഷഹാരിയായ കേശവൻ വൈദ്യന്റെയും നാരായണിയുടെയും മകളായി 1938 മെയ്‌ 15ന്‌ കൊല്ലം ശക്തികുളങ്ങരയിലാണ്‌ ജനനം. കൊല്ലം എസ്‌എൻ വനിതാ കോളേജിലെ ഇന്റർമീഡിയറ്റ്‌ പഠനകാലത്താണ്‌ അടുത്തബന്ധുവായ ഇ ബാലാനന്ദനുമായുള്ള വിവാഹം. വിവാഹശേഷം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പാർടി പ്രവർത്തനത്തിന്റെ ഭാഗമായി ഭർത്താവിന്‌ വീടുവിട്ട്‌ മാറിനിൽക്കേണ്ടിവന്നതുമുതൽ നിരവധി പ്രതിസന്ധികളെ ധീരതയോടെ നേരിട്ടു. ഗർഭിണിയായിരിക്കെയാണ്‌ ഭർത്താവിന്റെ അറസ്‌റ്റിന്‌ സാക്ഷിയാകേണ്ടിവന്നത്‌. ഇതിനിടയിൽ ആലുവ അശോക ടെക്‌സ്‌റ്റൈൽ തൊഴിലാളി സഹകരണ സംഘത്തിൽ ക്ലർക്കായി ജോലി ചെയ്തു. ഇളയ മകൾ സരളയെ സരോജിനി പ്രസവിക്കുന്നസമയത്ത്‌ ബാലാനന്ദൻ രാഷ്‌ട്രീയ തടവുകാരനായി ജയിലിലായിരുന്നു. എ കെ ജിയടക്കം മറ്റ്‌ ചില നേതാക്കളുമുണ്ട്‌ ജയിലിൽ. സരോജിനി, സുശീല ഗോപാലനൊപ്പം ജയിലിലെത്തിയാണ്‌ ബാലാനന്ദനെ കുഞ്ഞിനെ കാണിച്ചത്‌. കുഞ്ഞിന്‌ ഉടുപ്പ്‌ വാങ്ങാൻ അന്ന്‌ എ കെ ജി പണം സമ്മാനിച്ചു. പിന്നീട്‌ എ കെ ജിയുടെ മരണം വരെ അദ്ദേഹം സരളയ്‌ക്ക്‌ പിറന്നാളിന്‌ ഉടുപ്പ്‌ വാങ്ങാൻ പണം എത്തിക്കുമായിരുന്നു.അനാരോഗ്യം മൂലം അഞ്ചുവർഷമായി സജീവ പാർടി പ്രവർത്തനത്തിൽനിന്ന്‌ വിട്ടുനിന്ന്‌ പറവൂരിൽ മകൾ സുലേഖയുടെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു സരോജിനി. മികവ്‌ തെളിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറവൂരിൽ മകളുടെ വസതിയിൽ ചൊവ്വ രാത്രി അന്തരിച്ച സരോജിനി ബാലാനന്ദന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആദ്യമെത്തിയത്‌ കളമശേരി മുനിസിപ്പൽ ടൗൺഹാളിലേക്കാണ്‌. പ്രിയനേതാവിന്‌ അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയവരിൽ പഴയതലമുറ ഓർത്തെടുക്കുകയായിരുന്നു കളമശേരിയുടെ ആദ്യ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ഭരണമികവ്‌.  കളമശേരി പഞ്ചായത്തായിരിക്കുമ്പോൾ 1979–-84 കാലത്താണ്‌ സരോജിനി ബാലാനന്ദൻ പ്രസിഡന്റായത്‌. പഞ്ചായത്ത്‌ ഓഫീസിന്‌ എതിർവശത്ത്‌ ദേശീയപാതയ്‌ക്കരികിൽ ടൗൺഹാൾ നിർമിച്ചതും ആ കാലത്താണ്‌. വ്യവസായകേന്ദ്രമായ കളമശേരിക്ക്‌ വികസന പശ്‌ചാത്തലമൊരുക്കുന്ന നിരവധി തീരുമാനങ്ങൾ ആ ഭരണസമിതി കൈക്കൊണ്ടതായി അന്ന്‌ സിപിഐ എം കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സി എം ദിനേശ്‌മണി ഓർക്കുന്നു. തദ്ദേശ ഭരണസമിതികളിൽ വനിതാസംവരണം ഇല്ലാതിരുന്ന കാലം. വനിതകൾ പഞ്ചായത്ത്‌ പ്രസിഡന്റാകുന്നതും കുറവ്‌. ദീർഘകാലം കളമശേരി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ബീരാക്കുട്ടിയുടെ പിൻഗാമിയായാണ്‌ സരോജിനി പഞ്ചായത്ത്‌ പ്രസിഡന്റായത്‌. വികസനത്തുടർച്ച ഉറപ്പാക്കിയതിനൊപ്പം മാതൃകാപരമായ പ്രവർത്തനങ്ങളാണ്‌ സരോജിനി കാഴ്‌ചവച്ചതെന്ന്‌ ദിനേശ്‌ മണിയും സരോജിനിക്ക്‌ ശേഷം പ്രസിഡന്റായ പി മണികണ്‌ഠനും എടുത്തുപറഞ്ഞു. Read on deshabhimani.com

Related News