കള്ളപ്പണം: മൗനംപാലിച്ച് 
കോൺഗ്രസ്‌



പാലക്കാട്‌> കള്ളപ്പണം വിഷയം പുറത്തറിഞ്ഞത്‌ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കോൺഗ്രസ്‌. ഇതുസംബന്ധിച്ച തുടർചർച്ചകളിൽനിന്ന്‌ അകലംപാലിക്കാനാണ്‌ തീരുമാനം. മാധ്യമ ചർച്ചകളിൽനിന്ന്‌ വിട്ടുനിൽക്കാനും ചോദ്യങ്ങൾ അവഗണിക്കാനും സ്ഥാനാർഥി ഉൾപ്പെടെയുള്ളവർക്ക്‌ നേതൃത്വം നിർദേശം നൽകി. വിവാദവിഷയത്തിൽ വിശദീകരണംതേടി ശനിയാഴ്‌ച സമീപിച്ച ചാനൽ റിപ്പോർട്ടർമാരോട്‌ യുഡിഎഫ്‌ സ്ഥാനാർഥി, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്‌ഠൻ തുടങ്ങിയവർ അകലം പാലിച്ചു. കഴിഞ്ഞദിവസം ഷാഫി പറമ്പിൽ നിശ്‌ചയിച്ചിരുന്ന വാർത്താസമ്മേളനം അവസാനനിമിഷം മാറ്റിവച്ചതിന്റെ തുടർച്ചയായാണ്‌ ഇത്‌. കള്ളപ്പണം കൈമാറ്റം സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനെ കോൺഗ്രസ്‌ ഭയക്കുന്നു. നേതാക്കൾ പ്രതികരിക്കാതിരുന്നാൽ മാധ്യമങ്ങൾ ചർച്ച അവസാനിപ്പിക്കുമെന്നാണ്‌ കണക്കുകൂട്ടൽ. പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലും കള്ളപ്പണം സംബന്ധിച്ച പരാമർശം ഒഴിവാക്കാനും നിർദേശമുണ്ട്‌. പാലക്കാട്ടെ സ്വകാര്യഹോട്ടലിൽ കള്ളപ്പണം എത്തിച്ച്‌ കൈമാറിയെന്ന ആരോപണത്തെ പ്രതിരോധിക്കാൻ കോൺഗ്രസുകാരും സ്ഥാനാർഥിയും പലവിധത്തിൽ ശ്രമിച്ചിരുന്നു. ആരോപണത്തിൽ നിയമനടപടി സ്വീകരിക്കാനുള്ള ധൈര്യം കോൺഗ്രസ്‌ കാണിക്കാത്തതും ദുരൂഹമാണ്‌. ബിജെപിക്കെതിരായ കുഴൽപ്പണക്കേസ്‌ പാലക്കാട്‌ മണ്ഡലത്തിൽപ്പോലും കോൺഗ്രസ്‌ ചർച്ചയാക്കുന്നില്ല. ഇത്‌ പരസ്പര ധാരണയുടെ ഭാഗമാണെന്ന സംശയവും ശക്തമാകുന്നു. ബിജെപിയിൽനിന്ന്‌ ഷാഫി കുഴൽപ്പണം പറ്റിയെന്ന ആരോപണവും നിലനിൽക്കുന്നു. നാലുകോടിരൂപ ഷാഫിക്ക്‌ നൽകിയെന്ന കെ സുരേന്ദ്രന്റെ വെളിപ്പെടുത്തലിനെതിരെ പ്രതികരണം കോൺഗ്രസ്‌ നേതൃത്വത്തിൽനിന്ന്‌ ഉണ്ടായിട്ടില്ല. ആരോപണം വ്യാജമാണെന്നോ നിയമനടപടി സ്വീകരിക്കുമെന്നോ ഷാഫി പറയാത്തതും ദുരൂഹമാണ്‌. Read on deshabhimani.com

Related News