കോൺ​ഗ്രസിന്റെ കള്ളപ്പണം: ചർച്ച മാറ്റാൻ നെട്ടോട്ടം



തിരുവനന്തപുരം> കള്ളപ്പണ ആരോപണത്തെതുടർന്ന്‌ രാഹുൽ മാങ്കൂട്ടത്തിന്റെ ഉൾപ്പെടെ മറുപടികൾ കോൺഗ്രസിനെ കുരുക്കിലാക്കിയതോടെ ചർച്ച വഴിമാറ്റാൻ കൊണ്ടുപിടിച്ച ശ്രമം. നിഷേധിച്ചതെല്ലാം സമ്മതിക്കേണ്ടിവന്നതും 600 മീറ്ററിനിടെ മൂന്നുകാറിൽ സഞ്ചരിച്ചതുമടക്കമുള്ള കൽപ്പിതകഥകളാണ്‌ കോൺഗ്രസിനെ വെട്ടിലാക്കിയത്‌. സംശയാസ്പദ സാഹചര്യം ഉരുത്തിരിഞ്ഞതോടെ യുഡിഎഫിനെ സഹായിക്കുന്ന മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങൾ വഴി ചർച്ച മാറ്റിമറിക്കാനാണ്‌ ഇപ്പോൾ നെട്ടോട്ടം.   ചർച്ച തുടരുന്നത്‌ യുഡിഎഫിനും ബിജെപിക്കും ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ്‌ ഇതിനുപിന്നിൽ. കൊടകരയിലെ കുഴൽപ്പണവും പാലക്കാട്ടെ കള്ളപ്പണവും തമ്മിൽ ബന്ധമുണ്ടെന്ന്‌ വ്യക്തമാണ്‌.  ഇതോടെയാണ്‌ പ്രശ്നം സിപിഐ എമ്മിലാണെന്ന്‌ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്‌. തെരഞ്ഞെടുപ്പിൽ സിപിഐ എമ്മും എൽഡിഎഫും ജനകീയ വിഷയങ്ങളാണ്‌ ചർച്ച ചെയ്യുന്നത്‌. മുഖ്യമന്ത്രിയുൾപ്പെടെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ അതിന്‌ തെളിവാണ്‌. ഇപ്പോൾ ജനങ്ങൾതന്നെ കോൺഗ്രസിന്റെ കള്ളപ്പണം ചർച്ചയായി ഉയർത്തുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഈ വിഷയത്തിൽ പാർടിയുടെ നയം വ്യക്തമാക്കിയിട്ടുണ്ട്‌.  കോൺഗ്രസിനെതിരായ  കള്ളപ്പണ ആരോപണം മൂടിവയ്‌ക്കാൻ അവർ പറഞ്ഞ കള്ളക്കഥകളും സിപിഐ എമ്മിനെതിരായ മാധ്യമനീക്കവും ഇപ്പോൾ പൊളിഞ്ഞു. കള്ളപ്പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്‌ കോൺഗ്രസ്‌ ഇനിയും ഉത്തരം നൽകിയിട്ടുമില്ല. മാധ്യമ പ്രവർത്തകൻ കൂടിയായ എം വി നികേഷ്‌കുമാർ ഇതുസംബന്ധിച്ച്‌ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമായിട്ടും അവ മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവച്ചു. ചോദിക്കാത്ത വിശദീകരണം പാലക്കാട്‌ കലക്ടർ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയെന്നും പൊലീസ്‌ കേസെടുത്തിട്ടില്ലെന്നും മാധ്യമങ്ങൾ തട്ടിവിട്ടു. ഇതെല്ലാം കള്ളമാണെന്ന്‌ കലക്ടറുടെയും പൊലീസിന്റെയും ഔദ്യോഗിക വിശദീകരണം വന്നതോടെ പുതിയ കള്ളം ചമയ്‌ക്കാനുള്ള ശ്രമത്തിലാണ്‌ യുഡിഎഫ്‌ ക്യാമ്പ്‌.   Read on deshabhimani.com

Related News