യുഡിഎഫ് ആഹ്ലാദ പ്രകടനത്തിൽ പടക്കംപൊട്ടി വിദ്യാർഥികൾക്ക് പരിക്ക്
കൽപ്പറ്റ> പ്രിയങ്ക ഗാന്ധി വാധ്രയുടെ വിജയത്തെ തുടർന്ന് കൽപ്പറ്റയിൽ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടയിൽ പടക്കംപൊട്ടി വിദ്യാർഥികൾക്ക് പരിക്ക്. ശനി വൈകിട്ട് നാലരയോടെ കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തായിരുന്നു അപകടം. ആഹ്ലാദ പ്രകടനത്തിനിടെ കുട്ടികളുടെ ഇടയിലേക്ക് മാലപ്പടക്കം പൊട്ടിച്ചിടുകയായിരുന്നു. പ്രകടനത്തിൽ വല്ല്യുപ്പ പാടോകോട്ട് ഉസ്മാനൊപ്പം പങ്കെടുത്ത കൽപ്പറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ദയാൽ, മൂന്നാം ക്ലാസ് വിദ്യാർഥി ഫാത്തിമ ബത്തൂൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ദയാലിന്റെ കണ്ണിന് പരിക്കുണ്ട്. ഫാത്തിമ ബത്തൂലിന് ഗുരുതര പരിക്കില്ല. ആശുപത്രിയിലേക്കെത്താമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചെങ്കിലും സഹായത്തിന് ആരും വന്നില്ലെന്നും കടം വാങ്ങിയാണ് ആശുപത്രി ബില്ല് അടച്ചതെന്നും ഉസ്മാൻ പറഞ്ഞു. കണ്ണിന് പരിക്കേറ്റ ദയാലിന് തുടർചികിത്സ വേണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. Read on deshabhimani.com