കളംമാറ്റം; കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് മൂക്കുന്നു
കോഴിക്കോട് > കോൺഗ്രസിൽ അസ്വസ്ഥത പടർത്തി പതിവ് ഗ്രൂപ്പുകളിലെ കളം മാറ്റം. ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തിനു ശേഷമാണ് പുതിയ ഗ്രൂപ്പുകൾ രൂപപ്പെട്ടത്. ശനിയാഴ്‌ച കോഴിക്കോട്ട് മാധ്യമപ്രവർത്തകർക്കു നേരെ അക്രമം നടത്തിയ ഒരുവിഭാഗത്തിന്റെ യോഗം കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ പിന്തുണയിലായിരുന്നു. പ്രമുഖരായ എ ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കിയായിരുന്നു പുത്തൻ ഗ്രൂപ്പ് യോഗം. വർക്കിങ് പ്രസിഡന്റിന്റെ ഗ്രൂപ്പുകളിക്കെതിരെ എ, ഐ വിഭാഗങ്ങൾ രംഗത്തുണ്ട്. കെ സുധാകരന്റെയും വി ഡി സതീശന്റെയും ആശീർവാദത്തിലാണ് സിദ്ദിഖിന്റെ നീക്കമെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആക്ഷേപം. ജില്ലയിൽ 15 വർഷത്തിലധികം ഡിസിസിയുടെ മേൽക്കൈ എ ഗ്രൂപ്പിനായിരുന്നു. കെപിസിസി പ്രസിഡന്റായി സുധാകരനെത്തിയതോടെ ഗ്രൂപ്പ് സമവാക്യവും മാറി, ടി സിദ്ദിഖ് എയിൽ നിന്ന് കൂടുമാറി. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അടുപ്പക്കാരായ കെ സി അബു, എൻ സുബ്രഹ്മണ്യൻ എന്നിവർക്കാണ് എ, ഐ പക്ഷ നേതൃത്വം. പുനഃസംഘടനയിൽ പദവികൾ വാഗ്‌ദാനം ചെയ്‌ത് സിദ്ദിഖ് ഇരുപക്ഷത്തുനിന്നും നേതാക്കളെ റാഞ്ചുന്നുവെന്ന പരാതിയും ഇവർക്കുണ്ട്. ഗ്രൂപ്പ് യോഗത്തിൽ മാധ്യമ പ്രവർത്തകരെ അക്രമിച്ചത് ഇരുപക്ഷവും സിദ്ദിഖിനെതിരേ ആയുധമാക്കുന്നുമുണ്ട്. അക്രമികൾക്കെതിരെ നടപടിയെടുക്കാതെ കോൺഗ്രസ് കോഴിക്കോട്> മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ മണിക്കൂറുകൾക്കുള്ളിൽ നടപടിയുണ്ടാവുമെന്ന ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാറിന്റെ വാക്കും പാഴായി. പൊലീസ് കേസെടുത്തവരുടെ പേരിലും ഡിസിസി നടപടിയില്ല. യുഡിഎഫ് 2019 ജനുവരി 23ന് നടത്തിയ കലക്ടറേറ്റ് മാർച്ചിലും മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരേ നടപടിയെടുത്തില്ല. Read on deshabhimani.com