കണ്ണൂരിൽ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പട്ടിക



കണ്ണൂർ > ജില്ലയിലെ എ ഗ്രൂപ്പിനെ വെട്ടിനിരത്തി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പട്ടിക. ഭൂരിഭാഗം മണ്ഡലങ്ങളിലെയും പ്രസിഡന്റ്‌ സ്ഥാനം കെ സുധാകരനും കെ സി വേണുഗോപാലും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ പങ്കിട്ടെടുത്തു. ഇതിൽ പ്രതിഷേധിച്ച്‌  എ ഗ്രൂപ്പുകാരായ കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യനും ഡിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയും ജില്ലയിലെ സമവായ കമ്മിറ്റിയിൽനിന്ന്‌ രാജിവച്ചു.  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മരിച്ചതോടെ നാഥനില്ലാതായ എ ഗ്രൂപ്പിനെ തഴയുന്നതിൽ സുധാകര –- വേണുഗോപാൽ ഗ്രൂപ്പുകൾ ഒറ്റക്കെട്ടായിരുന്നു.   കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനാണ്‌  23 ബ്ലോക്കുകളിലെ 132 മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറക്കിയത്‌. നേരത്തെ 50 മണ്ഡലം പ്രസിഡന്റുമാരാണ്‌ എ ഗ്രൂപ്പിനുണ്ടായിരുന്നത്‌. 36 പേരെങ്കിലും വേണമെന്നായിരുന്നു സമവായ കമ്മിറ്റിയിൽ എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ പട്ടിക പുറത്തുവന്നപ്പോൾ ഇരുപതിൽ താഴെയായി. തൽസ്ഥിതി തുടരണമെന്ന്‌ നിശ്‌ചയിച്ച മണ്ഡലങ്ങൾ സുധാകര –-വേണുഗോപാൽ  ഗ്രൂപ്പുകൾ വീതിച്ചെടുത്തുവെന്നാണ്‌ എ ഗ്രൂപ്പിന്റെ ആരോപണം.     പയ്യന്നൂർ, കൂത്തുപറമ്പ്‌ ബ്ലോക്കുകളിൽ എ ഗ്രൂപ്പിനെ പൂർണമായി ഒറ്റപ്പെടുത്തിയപ്പോൾ ശക്തികേന്ദ്രമായിരുന്ന ഇരിക്കൂറിൽ ഒതുക്കി. 12 മണ്ഡലം  പ്രസിഡന്റുമാരുണ്ടായിരുന്നത്‌ നാലായി ചുരുക്കി.  ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ അപ്രമാദിത്വം ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം. എ ഗ്രൂപ്പ്‌ കുത്തകയാക്കിയിരുന്ന ഇരിക്കൂർ സീറ്റ്‌ വേണുഗോപാൽ ഗ്രൂപ്പ്‌ തട്ടിയെടുത്തതിനുപിന്നാലെ മണ്ഡലം പ്രസിഡന്റുമാരിൽ ഭൂരിഭാഗവും അവർക്കൊപ്പമായി. ഇതിലൂടെ ഇരിക്കൂർ സീറ്റിൽ എ ഗ്രൂപ്പിന്റെ അവകാശവാദം എന്നന്നേക്കുമായി അവസാനിപ്പിക്കാനുമായി.    ജില്ലയിലെ സമവായ കമ്മിറ്റി, തർക്കം പരിഹരിച്ചയച്ച പട്ടിക കെപിസിസി വെട്ടിനിരത്തുകയായിരുന്നുവെന്നാണ്‌ എ ഗ്രൂപ്പിന്റെ പരാതി. ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നപ്പോഴും എ ഗ്രൂപ്പിന്‌ ആക്ഷേപമുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ്‌ പട്ടികയിൽ ഇത്തരം പരാതികൾ ഒഴിവാക്കാനാണ്‌ സമവായ കമ്മിറ്റി രൂപീകരിച്ചത്‌. ഈ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ്‌ പട്ടിക പുറത്തിറക്കിയത്‌. പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം വേണുഗോപാൽ ഗ്രൂപ്പുമായി വച്ചുമാറാൻ എ ഗ്രൂപ്പിന്‌ സമ്മതമായിരുന്നു. എന്നാൽ ഇത്‌ സുധാകര ഗ്രൂപ്പ്‌ പിടിച്ചെടുത്തു. പട്ടുവം എ ഗ്രൂപ്പിൽനിന്ന്‌ തട്ടിയെടുത്തു. പ്രവർത്തക കൺവൻഷൻ വിളിച്ചുചേർത്ത്‌ ഭാവി പരിപാടി തീരുമാനിക്കുമെന്ന്‌ സമവായ കമ്മിറ്റിയിൽനിന്ന്‌ രാജിവച്ച എ ഗ്രൂപ്പ്‌ നേതാക്കൾ അറിയിച്ചു. Read on deshabhimani.com

Related News