‘കോൺഗ്രസിൽ അവസരം കിട്ടാൻ 
ചൂഷണത്തിന്‌ വഴങ്ങേണ്ട സ്ഥിതി’



കൊച്ചി കോൺഗ്രസിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്‌ പ്രവർത്തിക്കുന്നുവെന്നും അവരുടെ ഗുഡ്‌ ബുക്കിൽ ഇടംപിടിക്കാത്ത വനിതാപ്രവർത്തകരെ പരിഹസിച്ച്‌ മാറ്റിനിർത്തുകയാണെന്നും എഐസിസി അംഗം സിമി റോസ്‌ബെൽ ജോൺ. കോൺഗ്രസിൽ അവസരങ്ങൾ ലഭിക്കാൻ സ്‌ത്രീകൾ ചിലരുടെ ചൂഷണത്തിന്‌ നിന്നുകൊടുക്കേണ്ട സ്ഥിതിയാണെന്നും സ്വകാര്യ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.   പവർഗ്രൂപ്പിലുള്ളവരെ പ്രീതിപ്പെടുത്തുന്നവർക്കുമാത്രം പരിഗണന നൽകുകയും അർഹതയുള്ളവർക്ക്‌ അവസരം നിഷേധിക്കുകയുമാണ്‌.  നേതാക്കളിൽനിന്ന്‌ വനിതാപ്രവർത്തകർക്ക്‌ ദുരനുഭവമുണ്ടാകുന്നുണ്ട്‌. മൂന്നുപേർ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്‌. ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിനോട്‌ പല കോൺഗ്രസ്‌ നേതാക്കളും പ്രതികരിച്ചതിനാലാണ്‌ ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും സിമി പിന്നീട് "ദേശാഭിമാനി'യോട്‌ പറഞ്ഞു. വി ഡി സതീശനും ഹൈബി ഈഡൻ എംപിയുമാണ്‌ എറണാകുളത്ത്‌ പവർ ഗ്രൂപ്പ്‌ നിയന്ത്രിക്കുന്നത്‌. ഇവരെ പ്രീതിപ്പെടുത്താത്തതിനാൽ തന്നെ പൊതുവേദികളിൽനിന്നടക്കം ഒഴിവാക്കി. വേണ്ടത്ര പൊതുപ്രവർത്തന പരിചയമില്ലാത്ത ജൂനിയറായ പലർക്കും അവസരങ്ങൾ ലഭിക്കുന്നു. ജെബി മേത്തർ, ദീപ്‌തി മേരി വർഗീസ്‌ തുടങ്ങിയവരുടെ പ്രവർത്തനം എത്രത്തോളമായിരുന്നുവെന്ന്‌ അറിയണം. താനടക്കമുള്ള മുതിർന്ന വനിതാനേതാക്കളെ മാറ്റിനിർത്തുന്നു. ഇതേക്കുറിച്ച്‌ കെപിസിസി പ്രസിഡന്റിനോട്‌ സംസാരിച്ചപ്പോൾ പ്രതിപക്ഷനേതാവിന്റെ ജില്ലയായതിനാൽ തീരുമാനം അദ്ദേഹത്തിന്റേതാണ്‌ എന്നായിരുന്നു പ്രതികരണം. വിവേചനങ്ങൾക്കെതിരെ ശക്തമായ പ്രതികരണം തുടരുമെന്നും സിമി പറഞ്ഞു. Read on deshabhimani.com

Related News