വിലക്കയറ്റം തടയാൻ വിപണി ഇടപെടൽ ; കൺസ്യൂമർഫെഡ് ക്രിസ്മസ് പുതുവത്സര വിപണി 23 മുതൽ
കൊച്ചി സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് ക്രിസ്മസ്–- -പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് ചെയർമാൻ എം മെഹബൂബ് പറഞ്ഞു. പൊതുമാർക്കറ്റിനേക്കാൾ 40 ശതമാനം വിലക്കുറവിൽ സർക്കാർ സബ്സിഡിയോടെ വിൽക്കുന്ന 13 ഇനങ്ങളോടൊപ്പം പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 35 ശതമാനംവരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങളും വിൽക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാന ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു. കോട്ടയത്തെ സംസ്ഥാനതല വിപണിയിൽ ദിവസം 500 ഉപഭോക്താക്കൾക്കും 14 ജില്ലാ കേന്ദ്രങ്ങളിൽ 300 ഉപഭോക്താക്കൾക്കുവീതവും 156 ത്രിവേണിസ്റ്റോർ മുഖേന 75 ഉപഭോക്താക്കൾക്കുവീതവും സബ്ഡിസി സാധനങ്ങൾ വിതരണം ചെയ്യും. ക്രിസ്‌മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പനകേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക. കൺസ്യൂമർഫെഡ് മാനേജിങ് ഡയറക്ടർ എം സലീമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ലക്ഷ്യം 75 കോടിയുടെ വിൽപ്പന ക്രിസ്മസ്–-പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺസബ്സിഡി സാധനങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് സാധാരണക്കാർക്ക് സഹായകരമാകുംവിധം വിൽപ്പന നടത്തുക. ഗുണനിലവാര പരിശോധനയിൽ അംഗീകാരം ലഭിക്കുന്ന സബ്സിഡി സാധനങ്ങൾ മാത്രമെ വിൽക്കാവൂ എന്നും വിപണന കേന്ദ്രങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്രിസ്മസ്–--പുതുവത്സര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണി ഇടപെടലാണ് സഹകരണവകുപ്പ് കൺസ്യൂമർഫെഡ് മുഖേന നടപ്പാക്കുന്നതെന്നും ചെയർമാൻ എം മെഹബൂബ് പറഞ്ഞു. Read on deshabhimani.com