പ്രളയത്തെയും കോവിഡിനെയും ഫലപ്രദമായി നേരിട്ടത് വികേന്ദ്രീകൃതാസൂത്രണത്തിന്റെ കരുത്തുകൊണ്ട്: ഡോ ജിജു പി അലക്സ്



ഒഞ്ചിയം > പ്രളയത്തെയും കോവിഡിനെയും കേരളത്തിന് ഫലപ്രദമായി നേരിടാൻ കഴിഞ്ഞത് കേരളത്തിൽ നിലനിൽക്കുന്ന ശക്തമായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ കരുത്തുകൊണ്ടാണെന്ന് കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് രണ്ടു ദിവസത്തെ ക്യാമ്പ് നടക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദാരിദ്ര്യ നിർമ്മാർജ്ജനം , ഖരമാലിന്യ സംസ്കരണം , ഗ്രാമപ്രദേശങ്ങളിലെ പശ്ചാതല വികസനം തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലെ വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിലും ക്ഷീരമേഖല ഒഴികെയുള്ള ഉൽപാദനരംഗത്തും  കാര്യമായ പുരോഗതി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലായെന്ന വസ്തുതയും നിലനിൽക്കുന്നു. പശ്ചാതല വികസനത്തിൻ്റെ ഭാഗമായി നിർമ്മിക്കപ്പെട്ട റോഡുകളുടെ ആസൂത്രണമില്ലായ്മ പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കാൻ കാരണമായിയെന്നും ജിജു പി അലക്സ് കൂട്ടിച്ചേർത്തു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട് ഒഞ്ചിയം മേഖലയിൽ നടക്കുന്ന പ്രവർത്തക ക്യാമ്പിൻ്റെ ഉദ്ഘാടനം,കോഴിക്കോട്  ജില്ലാ കാലാസാംസ്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച പരിഷത്ത് ഗാനാലാപനത്തോടെ ആരംഭിച്ചു. സമ്മേളനത്തിൽ സംഘാടകസമിതി ചെയർ പേഴ്സൺ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ടികെ മീരാഭായി അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ,  സംസ്ഥാന ട്രഷറർ പി പി ബാബു ,കോഴിക്കോട് ജില്ലാ സെക്രട്ടറി വി കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News