കൊറോണ പ്രതിരോധം; സ്വകാര്യ ആശുപത്രികളും സഹകരിക്കും: മന്ത്രി കെ കെ ശൈലജ
തൃശൂർ > കൊറോണ രോഗം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗപ്രതിരോധത്തിനും ചികിത്സക്കും സ്വകാര്യ ആശുപത്രികളും സഹകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. ഡോക്ടർമാർക്കും സ്റ്റാഫിനും കൊറോണചികിത്സയിൽ പരിശീലനംനൽകും. ഇക്കാര്യത്തിൽ സർക്കാർ സംരംഭങ്ങൾക്ക് പൂർണ പിന്തുണയാണ് സ്വകാര്യ മാനേജുമെന്റുകൾക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തൃശൂർ കലക്ടറേറ്റിൽ സ്വകാര്യ ആശുപത്രി മാനേജുമെന്റ് പ്രതിനിധികൾ, ഡോക്ടർമാർ, ഐഎംഎ, കെജിഎംഒഎ പ്രതിനിധികൾ തുടങ്ങിയവരുമായുള്ള ചർച്ചക്കു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ വിവരങ്ങൾ സർക്കാരിന്റെ കൺട്രോൾ റൂമിലേക്ക് നിർബ്ബന്ധമായും അറിയിക്കണം. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചികിത്സാപ്രോട്ടോകോൾ സ്വകാര്യ ആശുപത്രികളും പാലിക്കണം. രോഗം സംശയിക്കുന്നവർ പുറത്തിറങ്ങി നടക്കരുത്. പൊതുസമ്പർക്കം ഒഴിവാക്കണം. അവരുടെ വീടുകളിൽ ആഘോഷമോ സദ്യയോ നടത്തരുത്. രോഗലക്ഷണങ്ങളുള്ളവർ ജോലിക്കു പോകാതെ അവധിയെടുക്കണം. എന്തു സഹായത്തിനും കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാൽ ആരോഗ്യവകുപ്പ് പ്രവർത്തകർ എത്തും. ഒരാൾക്ക് രോഗം സ്ഥിരീകരിച്ചുവെങ്കിലും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എല്ലാ രോഗപ്രതിരോധ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സാ സംവിധാനവുമുണ്ട്. ചൈനയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചതെങ്കിലും ചൈനക്കാരെയും കണ്ട് അസ്വസ്ഥരാവേണ്ട കാര്യമില്ല. ഇവിടെ എത്തുന്ന വിദേശിയരെല്ലാം കൊറോണ ബാധിച്ചവരാണെന്ന തെറ്റിദ്ധാരണയും പാടില്ല. ജനങ്ങളെ ഉത്കണ്ഠപ്പെടുത്ത തെറ്റായ വിരങ്ങളോടെ നവമാധ്യമങ്ങളിലും മറ്റും പ്രചാരം പാടില്ല. എല്ലാ ഡിപ്പാർടുമെന്റുകളും രോഗപ്രതിരോധ പ്രവർത്തിന് സജ്ജമാണെന്ന് വകുപ്പുമേധവികളുമായി നടത്തിയ ചർച്ചക്കു ശേഷം മന്ത്രി ശൈലജ പറഞ്ഞു. വിവിധ വകുപ്പുമോധിവികൾക്ക് കലക്ടർ ചുമതല നൽകും. തൃശൂരിൽ നടത്തിയയതു പോലെ സ്വകാര്യആശുപത്രി അധികൃതരടക്കമുള്ളവരുമായി മറ്റു ജില്ലകളിലും ചർച്ച നടത്തി രോഗപ്രതിരോധത്തിൽ സഹകരിപ്പിക്കും. മന്ത്രിമരായ എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, എംഎൽഎമാരായ കെ വി അബ്ദുൾഖാദർ, അനിൽ അക്കര, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് മേരി തോമസ്, ആരോഗ്യവകുപ്പു സെക്രട്ടറി രാജൻ കോബ്രഗെഡെ, കലക്ടർ എസ് ഷാനവാസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു Read on deshabhimani.com