കൊറോണ വൈറസ്: സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം > കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് 633 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച പുതുതായി എത്തിയ 197 പേരുൾപ്പെടെയാണിത്. ഇതിൽ 11 പേർ വിവിധ ജില്ലയിൽ ആശുപത്രിയിലാണ്. എറണാകുളത്ത് രണ്ടും തൃശൂരിൽ നാലും മലപ്പുറത്ത് ഒരാളുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിയെ അസുഖം ഭേദമായതിനെ തുടർന്ന് വിട്ടു. ഇതുവരെ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ഒമ്പതുപേരെ ഡിസ്ചാർജ് ചെയ്തു. 10 പേരുടെ സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ ആറുപേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലുപേരുടെ ഫലം വരാനുണ്ട്. ആറുപേരുടെ സാമ്പിൾ ചൊവ്വാഴ്ച അയച്ചിട്ടുണ്ട്. ചൈനയിൽനിന്ന് എത്തുന്നവരുടെ സ്ക്രീനിങ്ങിനായി നെടുമ്പാശേരി വിമാനത്താവളത്തിൽ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത് തിരുവനന്തപുരം വിമാനത്താവളത്തിലേക്കും വ്യാപിപ്പിച്ചു. ചൊവ്വാഴ്ച എത്തിയ കേന്ദ്ര സംഘം സംസ്ഥാനം സ്വീകരിച്ച മുൻകരുതൽ നടപടികളിൽ സംതൃപ്തി രേഖപ്പെടുത്തി. ചൈനയിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി. നോർക്ക വഴിയും ഇടപെടൽ നടക്കുന്നു. അവരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാരാണ് നടപടി എടുക്കേണ്ടത്. തിരികെ എത്തുന്ന ഉടൻ ചികിത്സ സംസ്ഥാനം ഏറ്റെടുക്കും. നിലവിൽ മലയാളികൾക്ക് ഭക്ഷണവും അവശ്യസാധനങ്ങളും ലഭ്യമാണെന്നാണ് മനസ്സിലാക്കിയത്. മറ്റു പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com