കോവിഡ് പ്രതിരോധം: വാച്ച് കമ്പനികളുടെ നഗരത്തില്‍ നിന്നും മുഖ്യമന്ത്രിയ്‌ക്കൊരു കത്ത്



തിരുവനന്തപുരം> സ്വിറ്റസര്‍ലണ്ടിലെ ആല്‍പ്‌സ് പര്‍വ്വതനിരകളിലുള്ള വാച്ച് കമ്പനികളുടെ നഗരമായ ബീലില്‍ (ബീല്‍) താമസിക്കുന്ന ഹാന്‍സ് ഉള്‍റിച്ച് കൊഹ്ലി കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. സജീവ പരിസ്ഥിതി പ്രവര്‍ത്തകനും യൂറോപ്പില്‍  പ്രചാരത്തില്‍ ഉള്ളതും ആദ്യത്തെതുമായ  മലിനീകരണ രഹിത സൈക്കിള്‍  കൊറിയര്‍ കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം.  പാശ്ചാത്യ ലോകത്തെ വികസിത രാജ്യങ്ങള്‍ പോലും പകച്ചു നില്‍ക്കുന്നിടത്ത് കൊച്ചു കേരളം മുന്നോട്ട് വയ്ക്കുന്ന സമസ്തമേഖലകളിലും ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ടുള്ള രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഉള്‍റിച്ച് പറയുന്നു. മുഖ്യമന്ത്രിയ്ക്കും സംഘത്തിനും, ഒപ്പം   പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മുഴുവന്‍ ആളുകള്‍ക്കും ഹുക്ക് ആദരവ് അറിയിച്ചിരിക്കുകയാണ്.  അഭിനന്ദനത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും അദ്ദേഹം അയച്ചു . സി എം ഡി ആര്‍ എഫിലേക്ക് ഇനിയും സംഭാവനകള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ട് പ്രളയ ദുരന്ത  സമയത്തും ഹുക്ക് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.  വര്‍ഷങ്ങളായി തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമായി ഹുക്ക് എത്താറുണ്ട്. കേരളത്തോടുള്ള സ്‌നേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കൊണ്ട് കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയ നിഷി യെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. അടുത്ത തവണ കേരളത്തില്‍ എത്തുമ്പോള്‍ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും ആരോഗ്യപ്രവര്‍ത്തകരേയും നിയമപാലകരേയും ഒക്കെ നേരില്‍ കണ്ട് ആദരവ് അറിയിക്കുന്നതിനും ഹുക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News