സംസ്ഥാനത്ത്‌ 40 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; 10 പേർ രോഗമുക്തരായി



തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന്  40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 16 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. തമിഴ്നാട് 5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നായി ഓരോരുത്തർ വീതവും. വിദേശത്തുനിന്ന് വന്ന 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം വന്നു. മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം.കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1. വിദേശത്തുവെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയി.  ഇത് വേദനാജനകമാണെന്നും മുഖ്യമന്ത്രി. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. വരാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കും. ഒരു ക്രമീകരണവുമില്ലാതെ ആളുകൾ ഒന്നിച്ചു വന്നാൽ രോഗവ്യാപനം തടയാൻ സാധിക്കില്ല. ആസൂത്രണത്തോടെയും ചിട്ടയോടെയും പുറത്തുനിന്നുവരുന്നവരെ ക്വാറന്റീനിലേക്ക് അയയ്ക്കും. വരുന്ന എല്ലാവരുടെയും വിവരങ്ങൾ മുൻകൂട്ടി ലഭിക്കണം. അതിനായി അവർ സർക്കാർ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. അതിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ല. ക്വാറന്റീൻ സൗകര്യമില്ലാത്തവരെ സർക്കാർ ക്വാറന്റീനിലേക്ക് അയയ്ക്കും. ക്രമീകരണം നിഷ്കർഷിക്കുന്നതിനെ ചിലർ തെറ്റിദ്ധരിക്കുന്നു. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. വിദേശത്തുനിന്നു വരുന്നവരുടെ ക്വാറന്റീൻ ചാർജ് ഈടാക്കാൻ തീരുമാനിച്ചതും ആശയക്കുഴപ്പം ഉണ്ടാക്കി. തുക താങ്ങാൻ കഴിയുന്നവരിൽനിന്നും തുക ഈടാക്കും. അല്ലാത്തവരെ ഒഴിവാക്കും. വിദേശത്തുള്ള സംഘടനകൾ ഫ്ലൈറ്റ് ചാർട്ട് ചെയ്‌തു‌ വരാൻ ശ്രമിക്കുന്നുണ്ട്. അതിന്‌ എതിർപ്പില്ല. എന്നാൽ സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങൾ നടത്താനാകൂ. Read on deshabhimani.com

Related News