വ്യാജവാർത്ത; റിപ്പോർട്ടർ ടിവിക്കെതിരെ സിപിഐ പരാതി നൽകി
വയനാട് > സിപിഐക്കെതിരെ റിപ്പോർട്ടർ ചാനൽ ദുഷ്‍പ്രചാരണം നടത്തിയെന്ന് വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. രണ്ട് വർഷം മുൻപ് പാർടിയുടെ കുടുംബ യോഗത്തിൽ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോഗത്തിലേത് എന്ന രീതിയിൽ പ്രചരിപ്പിച്ചു. വ്യാജവാർത്ത നൽകിയതിന് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയെന്നും ഇ ജെ ബാബു പറഞ്ഞു. സിപിഐയിലേക്ക് കുറച്ചാളുകൾ അംഗത്വമെടുത്തു വന്നപ്പോൾ അവർക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണ് റിപ്പോർട്ടർ ചാനൽ തെരഞ്ഞെടുപ്പിന്റെ തലേദിവസം, സിപിഐ ജില്ലാ സെക്രട്ടറി ഇടതുപക്ഷ ഭരണത്തിനെതിരെ എന്നു പറഞ്ഞ് പ്രചരിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് റിപ്പോർട്ടർ ചാനൽ വാർത്ത പുറത്തുവിട്ടത് ഗൂഡാലോചനയുടെ ഭാഗമായാണ്. ചാനലിന്റെ ഉടമ ആന്റോ അഗസ്റ്റിൻ വയനാട്ടിലെ മരം മുറിയുമായി ബന്ധപ്പെട്ടു നടത്തിയിട്ടുള്ള കൊള്ളക്കെതിരെ സിപിഐ കൃത്യമായ നിലപാട് എടുത്തിരുന്നു. അതിന്റെ പ്രതികാരമെന്നോണമാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നവിധത്തിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്ത ചാനൽ പുറത്തുവിട്ടതെന്നും ഇ ജെ ബാബു പറഞ്ഞു. Read on deshabhimani.com