മുതിർന്ന സിപിഐ നേതാവ്‌ എന്‍ കെ കമലാസനന്‍ അന്തരിച്ചു



കുട്ടനാട്‌> മുതിര്‍ന്ന സി പി ഐ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥകാരനുമായിരുന്ന എന്‍ കെ കമലാസനന്‍ (92) അന്തരിച്ചു. തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, മിനിമം വേജസ് കമ്മിറ്റി അംഗം, കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1930 ജനുവരി 26ന് കുട്ടനാട് പുളിങ്കുന്നില്‍ കണ്ണാടി ഗ്രാമത്തില്‍ കൃഷ്ണനെയും കുഞ്ഞി പെണ്ണിന്റെ മകനായി ജനിച്ചു. പുളിങ്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് 1945, 46, 47 വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥി സംഘടനയായ വിദ്യാര്‍ത്ഥി കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ച കമലാസനന്‍ ഈ കാലത്ത് അറസ്റ്റ് വരിച്ച് എട്ടുമാസവും 13 ദിവസവും ജയിലില്‍ കിടന്നു. അതോടെ സ്‌കൂളില്‍ നിന്നും പിരിച്ചുവിട്ടു. സംസ്ഥാനത്ത് ഒരു സ്‌കൂളിലും പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിന്റെ നിരോധന ഉത്തരവ് വന്നതോടെ വിദ്യാഭ്യാസം അവസാനിച്ചെങ്കിലും പിന്നീട് പ്രൈവറ്റ് ആയി പഠിച്ചു. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് വിദ്യാര്‍ത്ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തിനെതിരെ പ്രതിഷേധിച്ച് മങ്കൊമ്പില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന മുഖ്യമന്ത്രി പട്ടം താണുപിള്ളയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് മര്‍ദ്ദിക്കുകയും കേസെടുക്കുകയും ചെയ്തു. 1950 കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് കര്‍ഷകത്തൊഴിലാളി രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച കമലാസനന്‍ 1952 മുതല്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി 14 വര്‍ഷം പദവിയില്‍ തുടര്‍ന്നു. നിരവധി കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ പങ്കെടുക്കുകയും ജയിലില്‍ കിടക്കുകയും ചെയ്തു. 1955ല്‍ വെള്ളിസ്രാക്കല്‍ സമരത്തില്‍ പങ്കെടുക്കുകയും ആക്ഷന്‍ കമ്മിറ്റി ജോയിന്‍ സെക്രട്ടറിയുമായി. 1959 വിമോചന സമരക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. 1960 മുതല്‍ 1964 വരെ കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലി നിശ്ചയിച്ചിരുന്ന മിനിമം വേജസ് കമ്മിറ്റിയില്‍ അംഗമായി. 1965 കുട്ടനാട് സപ്ലൈ ഓഫീസ് കേന്ദ്രീകരിച്ച് ഗവണ്‍മെന്റ് രൂപീകരിച്ച പോപ്പുലര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. 1970 ല്‍ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷന്‍ അനുവദിച്ചു. 1972 മുതല്‍ കോട്ടയം ജില്ലാ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിരുന്നു. കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1995 എ കെ ജി പഠന കോണ്‍ഗ്രസ് നടത്തിയ ഇന്റര്‍നാഷണല്‍ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. 2002 സ്വാതന്ത്ര്യസമരസേനാനികളുടെ പെന്‍ഷന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ കമ്മിറ്റിയിലെ അംഗവുമായിരുന്നു. കുട്ടനാടും നക്ഷത്ര തൊഴിലാളി പ്രസ്ഥാനവും, ഒരു കുട്ടനാടന്‍ ഓര്‍മ്മക്കൊയ്ത്ത്, വിപ്ലവത്തിന്റെ ചുവന്നമണ്ണ്‌, കമ്മ്യൂണിസ്റ്റ് പോരാളി കല്യാണ കൃഷ്ണന്‍ നായര്‍ എന്നിങ്ങനെ നാല് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Read on deshabhimani.com

Related News