ഉദ്യോഗസ്ഥ സ്ഥാനക്കയറ്റം: സംവരണം അനിവാര്യം- സിപിഐ എം
ന്യൂഡൽഹി സർക്കാർ ജോലികളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നിർബന്ധമല്ലെന്ന് വ്യാഖ്യാനിച്ചുള്ള സുപ്രീംകോടതി വിധി ദളിത് –- ആദിവാസി–- ഒബിസി വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഭരണഘടനയിലെ 16(4), 16(4എ) അനുച്ഛേദങ്ങൾ നിർബന്ധ സ്വഭാവമുള്ളതല്ലെന്നും സർക്കാർ ജോലികളിലെയും സ്ഥാനക്കയറ്റങ്ങളിലെയും സംവരണം മൗലികാവകാശമല്ലെന്നുമാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഖ്യാനിച്ചത്. സംവരണം നടപ്പാക്കാൻ സംസ്ഥാനസർക്കാരിന് നിർദേശം നൽകിയുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്‌തു. ഭരണഘടനയിലെ സംവരണ വ്യവസ്ഥകൾ മൗലികാവകാശമല്ലെങ്കിലും രാജ്യത്ത് സാർവത്രികമായും നിർബന്ധമായും നടപ്പാക്കേണ്ടതാണ്. പാർലമെന്റിന്റെ ഇരുസഭകളിലും നിയമപരമായി പ്രമേയം കൊണ്ടുവന്ന് ഇത്തരം വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുന്ന പോരായ്‌മകൾ കേന്ദ്ര സർക്കാർ തിരുത്തണം. കോടതി വിധിയുടെ പുനഃപരിശോധന തേടിയുള്ള സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണം. ജോലിക്കും സ്ഥാനക്കയറ്റത്തിനുമുള്ള സംവരണവ്യവസ്ഥകൾ നടപ്പാക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ബാധ്യസ്ഥമാണ്–- പിബി പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com