എസ്‌ഡിപിഐ ഗുണ്ടാസംഘം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു; നാലു പേർ അറസ്റ്റിൽ



കാട്ടാക്കട> മാരകായുധങ്ങളുമായി എത്തിയ എസ്‌ഡിപിഐ ​ഗുണ്ടാസംഘം സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. തിങ്കൾ രാത്രി ഒമ്പതോടെയായിരുന്നു ആക്രമണം. ഡിവൈഎഫ്ഐ പ്രവർത്തകരായ മഹേഷ്, ശരത്, അനു, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫീസിലെ മേശയും അലമാരയും അക്രമികൾ തല്ലി തകർത്തു. അക്രമി സംഘത്തിലുണ്ടായിരുന്ന കിള്ളി സ്വദേശികളായ  മുനീർ, നിഷാദ്, പേഴുംമൂട് സ്വദേശി അമീൻ, ചൂണ്ടുപലക സ്വദേശി അൽ അമീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി എട്ടിന് കട്ടയ്ക്കോട് ഫുട്ബോൾ മൈതാനത്ത്‌ വച്ചാണ് സംഭവങ്ങളുടെ തുടക്കം. ആറ് മാസം മുമ്പ്‌ കിള്ളിയിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയും എസ്‌ഡിപിഐക്കാരനുമായ സെയ്ദലി ഫുട്ബോൾ കളിക്കാൻ എത്തിയത് ഡിവൈഎഫ്ഐ പ്രവർത്തകർ കാട്ടാക്കട പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയതോടെ ഓടിരക്ഷപ്പെട്ട എസ്ഡിപിഐക്കാർ ഡിവൈഎഫ്ഐ പ്രവർത്തകരായ അമൽ, അഖിൽ എന്നിവരെ ആക്രമിച്ചു. പൊലീസ് എത്തിയാണ് അമലിനെയും അഖിലിനെയും കാട്ടാക്കട സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ ആശുപത്രിക്ക് സമീപമുള്ള സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിലേക്ക് അക്രമികൾ സ്കൂട്ടർ ഓടിച്ചു കയറ്റി. ഓഫീസിനുള്ളിൽ ക്യാരംസ് കളിക്കുകയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചു. ആ സമയം പുറത്തുനിന്ന മറ്റ് എസ്ഡിപിഐക്കാർ പാർടി ഓഫീസിനുനേരെ കല്ലെറിഞ്ഞു. കിള്ളി സ്വദേശികളായ മുനീർ, അൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ പത്തം​ഗ സംഘം എത്തിയാണ് ആക്രമണം നടത്തിയത്. മുനീറിന്റെ സ്കൂട്ടർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനുള്ളിൽ മാരകായുധങ്ങളുമായി കയറി ആക്രമിച്ച മുഴുവൻ പേർക്കെതിരെയും കർശന നടപടിയെടുക്കണമെന്ന്‌ സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News