പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചില്‍ സൂക്ഷിച്ചു പുഷ്പന്‍: സിപിഐ എം
തിരുവനന്തപുരം കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചിച്ചു. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ വിടവാങ്ങുന്നത്. കൂത്തുപറമ്പിൽ 1994 നവംബർ 25ന് നടന്ന പൊലീസ് വെടിവെപ്പിൽ സുഷുമ്നാ നാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. തളരാത്ത മനോവീര്യത്തോടെ പ്രസ്ഥാനത്തിനോടുള്ള അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന്റെ അമരസ്മരണ ലക്ഷക്കണക്കിന് സഖാക്കളിലും അനുഭാവികളിലും ജനാധിപത്യ വിശ്വാസികളിലും ഇനി അണയാത്ത ജ്വാലയായിരിക്കും. യുഡിഎഫ് സർക്കാരിന്റെ അഴിമതിയും വിദ്യാഭ്യാസ കച്ചവടവും അസഹനീയമായ ഘട്ടത്തിലാണ് ഡിവൈഎഫ്‌എൈ പ്രവർത്തകർ ഉജ്വല പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. പ്രകോപനമൊന്നുമില്ലാതെ ജനാധിപത്യപരമായി സമരം ചെയ്ത യുവാക്കൾക്ക് നേരെയാണ് അന്നത്തെ യുഡിഎഫ് സർക്കാരിന്റെ പൊലീസ് നിറയൊഴിച്ചത്.അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തസാക്ഷികളായപ്പോൾ പുഷ്പൻ ഗുരുതരമായി പരിക്കേറ്റ്, ശരീരം തളർന്ന അവസ്ഥയിൽ ജീവിക്കുന്ന രക്തസാക്ഷിയായി. ചികിത്സയും മരുന്നുമായി വേദന കടിച്ചമർത്തിയുള്ള നിരന്തരയാത്രയായിരുന്നു പുഷ്പന്റെ ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവന്നു.കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങൾ അധിക്ഷേപിച്ച സന്ദർഭങ്ങളിലെല്ലാം പ്രതിരോധത്തിന്റെ കരുത്തുറ്റ ശബ്ദമായി മാറി പുഷ്പൻ. പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സധീരം നേരിട്ട് മുന്നേറാൻ പുഷ്പന്റെ ധീരസ്മരണകൾ കരുത്തുപകരും. നിതാന്ത ജാഗ്രതയോടെ എക്കാലത്തും പുഷ്പനോടൊപ്പം നിന്ന പാർട്ടി പ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com