ചെങ്കൊടിയാണ്‌ തണൽ, ജീവനും

സിപിഐ എം താണിക്കുടം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ വീടിനുമുന്നിൽ ജിൻസിയും മകൾ എയ്‌ഞ്ചലും


തൃശൂർ > ‘വനത്തോടു ചേർന്ന്‌ ഷീറ്റുമേഞ്ഞ കൊച്ചുപുരയിലായിരുന്നു  താമസം. പലരാത്രികളിലും ശരീരത്തിലൂടെ വിഷപ്പാമ്പുകൾ കയറിയിറങ്ങിയപ്പോൾ കുട്ടികളേയും ചേർത്തുപിടിച്ച്‌ തങ്ങൾ  കിടന്നു. കൂലിപ്പണിക്കാരായ തങ്ങൾക്ക്‌ സുരക്ഷിതമായ വീട്‌ സ്വപ്‌നം മാത്രമായിരുന്നു. ഈ സമയത്താണ്‌ പാർട്ടിക്കാരെത്തിയതും വീട്‌ നിർമിച്ചു നൽകി ജീവൻ സുരക്ഷമാക്കിയതും. തങ്ങൾക്ക്‌ ചെങ്കൊടിയാണ്‌ തണൽ’. കട്ടിളപൂവം പുല്ലംകണ്ടം ചുക്കിരിയാൻ ജോയിയുടെ ഭാര്യ ജിൻസി ഇതുപറഞ്ഞപ്പോൾ  ആഹ്ലാദക്കണ്ണീർ വാർന്നു. പാവങ്ങൾക്ക്‌ വീടു നൽകാനുള്ള സർക്കാരിന്റെ ലൈഫ്‌  പദ്ധതിക്കൊപ്പം സിപിഐ എമ്മും കണ്ണിചേർന്നപ്പോൾ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം ലോക്കൽ കമ്മിറ്റിയാണ്‌  ജോയിയുടെ വീട്ടുകാരെ കണ്ടെത്തിയത്‌.  മുമ്പ്‌ കുന്നിറങ്ങിയും കയറിയും കാൽ കുഴയുമായിരുന്നുവെന്ന്‌ ജോയിയുടെ മകൾ എയ്‌ഞ്ചൽ പറഞ്ഞു. മഴക്കാലത്ത്‌ വീട്‌ തകർന്നുവീഴുമെന്ന പേടിയിലാണ്‌ കഴിഞ്ഞിരുന്നത്‌. ഇപ്പോൾ പേടിക്കേണ്ട ആവശ്യമില്ല. സിപിഐ എം നല്ല വീട്‌ പണിതുനൽകി. ഇതിലും വലിയ സന്തോഷം വേറെയില്ലെന്നും ഏഴാംക്ലാസുകാരിയായ അവൾ പറഞ്ഞു. പട്ടയം ലഭിക്കാത്ത ഭൂമിയായതിനാൽ സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്താൻ കഴിയുമായിരുന്നില്ല.  അതിനാലാണ്‌ സിപിഐ എം നേതൃത്വത്തിൽ  വീട്‌  നിർമാണം ഏറ്റെടുത്തത്. കുന്നിൻചരുവിനു താഴെ സ്ഥലം ലഭ്യമായി.   ഇവിടേക്ക്‌ നിർമാണസാമഗ്രികൾ എത്തിക്കാൻ  ഏറെ ബുദ്ധിമുട്ടിയിരുന്നു.  പാർടി  ഇടപെട്ട്‌ അയൽവീട്ടുകാരുടെ പറമ്പിലൂടെ പ്രത്യേകം വഴിയുണ്ടാക്കി. തോട് തൽക്കാലം മൂടി വണ്ടി കടത്തിയാണ്‌ സാമഗ്രികൾ എത്തിച്ച്‌ 600 സ്‌ക്വയർഫീറ്റിൽ വിട്‌ പൂർത്തിയാക്കിയത്‌. ഏഴുലക്ഷത്തോളം ചെലവ്‌ വന്നു.  ഒരു ലോക്കൽ കമ്മിറ്റിയിൽ ഒരു വീട്‌ നിർമിക്കണമെന്നായിരുന്നു തീരുമാനം. എന്നാൽ, താണിക്കുടം ലോക്കൽ കമ്മിറ്റിയിൽ മൂന്നുവീടുകളാണ്‌ നിർമിച്ച്‌ നൽകുന്നത്‌. രണ്ടെണ്ണം കൈമാറി. സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ  ഇത്തരത്തിൽ  പാവങ്ങൾക്കായി  നൂറിൽപരം വീടുകൾ നിർമിച്ചു കൈമാറി. സിപിഐ എം അംഗങ്ങൾവഴി  തങ്ങൾക്ക്‌ കഴിയാവുന്ന  ഫണ്ട്‌ ശേഖരിച്ചു. സിഐടിയു ആർട്ടിസാൻസ്‌, നിർമാണ, ചുമട്‌  തൊഴിലാളി വിഭാഗങ്ങളെല്ലാം സഹായിച്ചു.  മറ്റു സംഘടനകളും നാട്ടുകാരും  നിർമാണസാമഗ്രികൾ സംഭാവനയായി നൽകി. നിരവധി വീട്ടുകാർക്ക്‌ സുരക്ഷിതമായ താമസസ്ഥലം ഒരുങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന  ജനകീയ പ്രതിരോധ ജാഥയെ  ഇവരെല്ലാം നെഞ്ചേറ്റുകയാണ്‌. Read on deshabhimani.com

Related News