ചോദ്യപേപ്പർ ചോർച്ചയിൽ ക്രെെംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; ഉന്നതതല യോഗം ഇന്ന്



തിരുവനന്തപുരം > പത്താം ക്ലാസ്‌ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക്‌ അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്കുമുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ക്രെെംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചോദ്യപേപ്പർ പുറത്തുവിട്ട എംഎസ് സൊല്യൂഷൻസ് യു ട്യൂബ്‌ ചാനലിനെതിരെ കോഴിക്കോട്‌ വിദ്യാഭ്യാസ ഉപഡയറക്ടറും പൊലീസിന്‌ പരാതി നൽകിയിട്ടുണ്ട്‌. ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം അതീവ ​ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരി​ഗണിക്കുന്നത്. കടുത്ത നടപടികളിലേക്ക്‌ കടക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് വൈകിട്ട് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. പൊതുവിദ്യാഭ്യാസ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി, ഹയർസെക്കൻഡറി പരീക്ഷയുടെ ചുമതലയുള്ള സെക്രട്ടറി എന്നിവർ യോ​ഗത്തിൽ പങ്കെടുക്കും. ആരോപണം ഉയർന്ന സാഹചര്യത്തിൽ എംസ് സൊല്യൂഷൻസ് പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷൻസ് അറിയിച്ചിരുന്നു.   Read on deshabhimani.com

Related News