സിആർസെഡ്‌ ഇളവ്‌ ; 109 പഞ്ചായത്തുകൾക്കായി വീണ്ടും 
കേന്ദ്രത്തെ സമീപിക്കും



തിരുവനന്തപുരം തീരപരിപാലന പ്ലാനിൽ സിആർസെഡ്‌ രണ്ടിലേക്ക്‌ മാറാൻ നേരത്തെ ആവശ്യമുന്നയിച്ച 109 പഞ്ചായത്തുകളിൽക്കൂടി ഇളവാവശ്യപ്പെട്ട്‌ കേരളം വീണ്ടും കേന്ദ്രത്തെ സമീപിക്കും. സിആർസെഡ്‌ 3 എ, 3 ബി വിഭാഗങ്ങളിൽനിന്ന്‌ രണ്ടിലേക്ക്‌ മാറാനായി ആവശ്യപ്പെട്ട 175 പഞ്ചായത്തുകളിൽ 66 എണ്ണത്തിനാണ്‌ കേന്ദ്ര തീരപരിപാലന അതോറിറ്റി ഇളവനുവദിച്ചത്‌. കാസർകോട്‌ ഏഴ്‌, കണ്ണൂരിൽ 11, കോഴിക്കോട്‌ 22, മലപ്പുറത്ത്‌ നാല്‌, തൃശൂരിൽ ഒന്ന്‌, എറണാകുളത്ത്‌ 10, ആലപ്പുഴയിൽ രണ്ട്‌, തിരുവനന്തപുരത്ത്‌ ഒമ്പത്‌ പഞ്ചായത്തുകളെയാണ്‌ സിആർസെഡ്‌ മൂന്ന്‌ എ, ബി വിഭാഗങ്ങളിൽനിന്ന്‌ രണ്ടിലേക്ക്‌ മാറ്റിയത്‌. നഗരസ്വഭാവമുള്ള പ്രദേശങ്ങളെയാണ്‌ സിആർസെഡ്‌ രണ്ടിൽ ഉൾപ്പെടുത്തിയത്‌. ഇതിൽ കെട്ടിട നിർമാണവും ചട്ടപ്രകാരമുള്ള മറ്റ്‌ നിർമാണവും അനുവദിക്കും. മൂന്ന്‌ എ മേഖലയിൽ വീടുവയ്‌ക്കാൻ അനുമതിയുണ്ട്‌. നിലവിലുള്ളവ അതേ അളവിൽ പുതുക്കി പണിയാനുമാകും. സ്ഥിരതാമസക്കാർക്കും മത്സ്യത്തൊഴിലാളികൾക്കുമാണ്‌ ഈ അനുമതി.  ഇവിടെ വികസനരഹിത മേഖല 200 മീറ്ററിൽനിന്ന്‌ അമ്പതായി കുറച്ചിട്ടുണ്ട്‌. പുതിയ കരടുപ്രകാരം 50 മീറ്റർ കഴിഞ്ഞ്‌ ചട്ടപ്രകാരമുള്ള നിർമാണം നടത്താം. മൂന്ന്‌ ബി വിഭാഗത്തിൽ 200 മീറ്ററാണ്‌ വികസന രഹിത മേഖല. ഇവിടെയും വീടുനിർമിക്കാം. ഒമ്പത്‌ മീറ്റർവരെയുള്ള വീടുകൾക്കേ അനുമതിയുള്ളൂ. വാണിജ്യാവശ്യ കെട്ടിടങ്ങൾ നിർമിക്കാൻ സിആർസെഡ്‌ മൂന്ന്‌ എ, ബി മേഖലയിൽ അനുമതിയില്ല. കരയിൽനിന്ന്‌ 12 നോട്ടിക്കൽ മൈൽ ദൂരം കടൽഭാഗമാണ്‌ നാല്‌ എ വിഭാഗത്തിൽ. നദിക്കും തോടിനുമരികിലായി ജലം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളാണിവ. കരയിൽ നിർമാണ അനുമതിയില്ല. മത്സ്യത്തൊഴിലാളികൾക്ക്‌ ബോട്ട്‌ യാർഡ്‌, ഐസ്‌ പ്ലാന്റ്‌ തുടങ്ങിയവ വാണിജ്യാടിസ്ഥാനത്തിലല്ലാതെ പ്രവർത്തിപ്പിക്കാം. കണ്ടൽക്കാടുകളും പൊക്കാളിപ്പാടങ്ങളുമാണ്‌ ഒന്ന്‌ എയിൽ. നിർമാണം അനുവദിക്കില്ല. ബീച്ച്‌ മേഖലയാണ്‌ ഒന്ന്‌ ബി. താൽക്കാലിക ടൂറിസം പ്രവർത്തനങ്ങൾക്ക്‌ അനുമതിയുണ്ട്‌. സിആർസെഡ്‌ രണ്ടിലേക്ക്‌ 66 പഞ്ചായത്തുകളെ മാറ്റാൻ  2011ലാണ്‌ കേന്ദ്രം ഉത്തരവ്‌ നൽകിയത്‌. 2019ലെ വിജ്ഞാപനമിറക്കിയപ്പോൾ 175 പഞ്ചായത്തുകൾക്ക്‌ ഇളവുവേണമെന്ന്‌ സംസ്ഥാനം ആവശ്യപ്പെട്ടു. വിജ്ഞാപനത്തിനുമുമ്പേ ഉത്തരവിലുൾപ്പെട്ട പഞ്ചായത്തുകൾക്കേ ഇളവ്‌ നൽകൂ എന്നാണ്‌ കേന്ദ്ര അതോറിറ്റിയുടെ നിലപാട്‌. ഈ സാഹചര്യത്തിലാണ്‌ കേരളം 109 പഞ്ചായത്തുകൾക്കായി പ്രത്യേകാനുമതി ചോദിക്കുന്നത്‌. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയമാണ്‌ അനുമതി നൽകേണ്ടത്‌. ഭൂപടം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കൈമാറും തീരപരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട്‌ സംസ്ഥാന തീരപരിപാലന അതോറിറ്റി തയ്യാറാക്കിയ ഭൂപടം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ലഭ്യമാക്കും. വ്യത്യസ്ത സിആർസെഡ്‌ വിഭാഗങ്ങളിൽപ്പെട്ട മേഖലകൾക്ക്‌ പ്രത്യേകം കളർ കോഡ്‌ നൽകിയ ഭൂപടം പരിശോധിച്ചാകും ഇനി കെട്ടിട നിർമാണങ്ങൾക്ക്‌ അനുമതി നൽകുക. 1 : 25,000 എന്ന സ്കെയിൽ നിരക്കിലാണ്‌ നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റ്‌ (എൻസിഎസ്‌സിഡബ്ല്യുഎം) ഭൂപടം തയ്യാറാക്കിയത്‌ . ദേശീയ തീരപരിപാലന അതോറിറ്റി കഴിഞ്ഞ തിങ്കളാഴ്ചയാണ്‌ കേരളത്തിന്റെ തീരപരിപാലന പദ്ധതിക്ക്‌ അനുമതി നൽകിയത്‌. 
യോഗത്തിന്റെ മിനുട്‌സ്‌ ലഭ്യമായശേഷം ഭൂപടത്തിന്‌ അംഗീകാരംനൽകും. തുടർന്നാകും തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കൈമാറുക. Read on deshabhimani.com

Related News