സിഎസ്‌ബി ബാങ്കിൽ 20 മുതൽ 22 വരെ വീണ്ടും പണിമുടക്ക്; 22ന് സംസ്ഥാന ബാങ്ക് പണിമുടക്ക്
തൃശൂർ > ജനവിരുദ്ധ തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരായ അടുത്തഘട്ടം പ്രക്ഷോഭത്തിന്റെ ഭാഗമായി 20, 21, 22 തീയതികളിൽ സിഎസ്‌ബി ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്തും. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് 22ന് കേരളത്തിലെ എല്ലാ ബാങ്കുകളിലെയും ജീവനക്കാർ പണിമുടക്കുമെന്ന് സമരസഹായസമിതി ചെയർമാൻ കെ പി രാജേന്ദ്രനും ജനറൽ കൺവീനർ കെ ചന്ദ്രൻപിള്ളയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 22ന് പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, ഗ്രാമീണ ബാങ്ക്, കേരള സഹകരണ ബാങ്ക് എന്നിവ പൂർണമായും സ്തംഭിക്കും. സിഎസ്‌ബി ബാങ്കിന്റെ ജനകീയ സേവന ബാങ്കിങ് സ്വഭാവം സംരക്ഷിക്കുക, എല്ലാ ബാങ്കുകളിലും നടപ്പാക്കിയ ഉഭയകക്ഷി കരാർ 2017 നവംബർ ഒന്നു മുതൽ സിഎസ്‌ബി ബാങ്കിലും നടപ്പാക്കുക, വിദേശ ഓഹരി നിക്ഷേപകരുടെ തൊഴിലാളി വിരുദ്ധ നടപടികളും അന്യായമായ തൊഴിൽ രീതികളും അവസാനിപ്പിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താൽക്കാലിക കരാർ നിയമനങ്ങൾ നിർത്തലാക്കുക, ബാങ്കിലെ ഉന്നത അധികാരികളുടെ വേതന ഘടനയെ കുറിച്ച് റിസർവ് ബാങ്ക്, സെബി, സർക്കാർ എന്നിവ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 28നും സപ്‌തംബർ 29, 30, ഒക്‌ടോബർ ഒന്ന് തിയ്യതികളിലും സിഎസ്‌ബി ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു. എറണാകുളം റീജണൽ ലേബർ കമീഷണർ വിളിച്ചുചേർത്ത അനുരഞ്‌ജന യോഗവും മാനേജ്‌മെന്റ് ബഹിഷ്‌കരിച്ചു. സിഎസ്‌ബി ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള നിക്ഷേപങ്ങൾ കോർപറേറ്റുകൾക്ക് വായ്‌പ നൽകാനാണ് പുതിയ മാനേജ്‌മെന്റ് ഉപയോഗിച്ചത്. സാധാരണക്കാർക്ക് വായ്‌പ നിഷേധിച്ചു. 1350 സ്ഥിര ജീവനക്കാരെ പിരിച്ചുവിട്ടു. മൂവായിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിച്ചു. ഇവർക്ക് ന്യായമായ ശമ്പളം പോലും നൽകുന്നില്ല. ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നടപടികളുമായി പോകുന്ന മാനേജ്‌മെന്റിന്റെ നിലപാട് തിരുത്തുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമര സഹായ സമതി നേതാക്കളായ വി രാധാകൃഷ്‌ണൻ (ബിഎംഎസ്) സുന്ദരൻ കുന്നത്തുള്ളി (ഐഎൻടിയുസി), ടി നരേന്ദ്രൻ (ബിഇഎഫ്‌ഐ), സി ഡി ജോസൺ (എഐബിഇഎ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com