കുസാറ്റ്‌ വിസി നിയമനം ; മറനീക്കി സംഘപരിവാർ–യുഡിഎഫ് ബന്ധം



കളമശേരി കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്‌) വൈസ്‌ ചാൻസലറായി യുഡിഎഫ് അനുകൂല സംഘടനാനേതാവിനെ ഗവർണർ നിയമിച്ചതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംഘപരിവാർ–- യുഡിഎഫ് ബന്ധം മറനീക്കി. കുസാറ്റിലെ ഫിസിക്‌സ്‌ വിഭാഗം പ്രൊഫസറും കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ഡോ. ജുനൈദ് ബുഷ്റിയെയാണ്‌ താൽക്കാലിക വിസിയായി നിയമിച്ചത്. കുസാറ്റ്‌ വൈസ്‌ ചാൻസലർ പദവി വഹിച്ചിരുന്ന ഡോ. പി ജി ശങ്കരന്‌ തുടരാൻ നിയമതടസങ്ങളില്ലെന്നിരിക്കെയായിരുന്നു പുതിയ വിസി നിയമനം. വിസി പദവിയിലെത്തുമ്പോൾ 60 വയസ്‌ പൂർത്തിയാകരുതെന്നു മാത്രമാണ് നിബന്ധന. നേരത്തേ നിയമനം ലഭിച്ചയാൾക്ക്‌ 60 വയസ്‌ കഴിഞ്ഞും പദവിയിൽ തുടരാം. കാലാവധി പൂർത്തിയാക്കാനും തടസമില്ല. ഡോ. പി ജി ശങ്കരന് ശനിയാഴ്‌ച 60 വയസ്‌ പൂർത്തിയായി. ഈ സാഹചര്യത്തിൽ അടുത്ത വിസിയെ നിയമിക്കുന്നതുവരെ പദവിയിൽ തുടരുന്നതിന് നിയമതടസങ്ങളില്ല.  ഉന്നത വിദ്യാഭ്യാസരംഗത്തെ ഗവർണറുടെ അനാവശ്യ ഇടപെടലുകളിൽ മൗനംപാലിക്കുന്ന യുഡിഎഫിനുള്ള ഉപഹാരമാണ്‌ കുസാറ്റ്‌ വിസി നിയമനമെന്ന്‌ ആക്ഷേപമുണ്ട്‌. മുമ്പ്‌ കലിക്കറ്റ്‌ വിസിയായി യുഡിഎഫ്‌ അനുകൂല സംഘടനാനേതാവായ ഡോ. പി രവീന്ദ്രനെ ഗവർണർ നിയമിച്ചത്‌ വിവാദമായിരുന്നു. Read on deshabhimani.com

Related News