സിബിഐ ചമഞ്ഞ് തട്ടിപ്പ്; സം​ഗീത സംവിധായകൻ ജെറി അമൽദേവിൽ നിന്ന് പണം തട്ടാൻ ശ്രമം



കൊച്ചി സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ്  സംഗീതസംവിധായകൻ ജെറി അമൽദേവിൽനിന്ന് പണം തട്ടാൻ ശ്രമം. വെർച്വൽ അറസ്‌റ്റ്‌ ചെയ്യുമെന്ന്‌ ഭീഷണി മുഴക്കി 1.70 ലക്ഷം രൂപ തട്ടാനാണ്‌ ശ്രമിച്ചത്‌. ബാങ്ക്‌ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഇടപെടലിനെ തുടർന്ന്‌ തട്ടിപ്പിൽനിന്ന്‌ രക്ഷപ്പെട്ടു. കഴിഞ്ഞയാഴ്‌ചയായിരുന്നു സംഭവങ്ങളുടെ തുടക്കം.  സിബിഐ ഉദ്യോഗസ്ഥനെന്ന്‌ പരിചയപ്പെടുത്തി ജെറി അമൽദേവിന്‌ വാട്‌സാപ്‌ കോൾ വന്നു. സാമ്പത്തികതട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലായ വ്യക്തിയുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ജെറി അമൽദേവിന്റെ അക്കൗണ്ട്‌ നമ്പർ  ലഭിച്ചെന്നും അറസ്‌റ്റിലായ വ്യക്തി വെളുപ്പിച്ച രണ്ടരക്കോടി രൂപ എവിടെയാണെന്നും ചോദിച്ചു. വെർച്വൽ അറസ്‌റ്റ്‌ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട്‌, കുറ്റവാളിയല്ലെന്ന്‌ തോന്നുന്നതായും രക്ഷിക്കാമെന്നും പറഞ്ഞു. തുടർന്ന്‌ ഉയർന്ന ഉദ്യോഗസ്ഥയെന്ന്‌ പരിചയപ്പെടുത്തി നവ്‌ജ്യോത്‌ സിമിയെന്ന സ്‌ത്രീ വിളിച്ചു. 1,70,000 രൂപയും ആർടിജിഎസ്‌ നമ്പറും അയക്കാൻ ആവശ്യപ്പെട്ടു. ഇതിനായി ജെറി അമൽദേവ്‌ പച്ചാളത്തെ ബാങ്കിൽ എത്തിയപ്പോൾ മാനേജർക്ക്‌ സംശയം തോന്നി പൊലീസിനെ അറിയിച്ചു. ബാങ്ക്‌ ഉദ്യോഗസ്ഥരും പൊലീസും  ഇത്‌ തട്ടിപ്പാണെന്ന്‌ ജെറി അമൽദേവിനെ ബോധ്യപ്പെടുത്തുകയായിരുന്നു. പണം തട്ടാൻ ‘സിബിഐ’;
 രക്ഷയായത്‌ ബാങ്ക്‌ ഉദ്യോഗസ്ഥരുടെ ജാഗ്രത ‘‘ബിനോയ്‌ ചൗധരിയാണ്‌. ധാരാവി സ്‌റ്റേഷനിലെ സിബിഐ ഇൻസ്‌പെക്ടർ. സാമ്പത്തിക തട്ടിപ്പിന്‌ അറസ്‌റ്റിലായ ജെറ്റ്‌ എയർവെയ്‌സ്‌ ഉടമ നരേഷ്‌ ഗോയലിന്റെ അക്കൗണ്ട്‌ പരിശോധിച്ചപ്പോൾ നിങ്ങളുടെ വിവരങ്ങൾ ലഭിച്ചു. രണ്ടരക്കോടി എവിടെ’’–-ജെറി അമൽദേവിൽനിന്ന്‌ പണം തട്ടിയെടുക്കാനുള്ള നീക്കം തുടങ്ങിയതിങ്ങനെ. ഒരാഴ്‌ചമുമ്പാണ്‌ ജെറി അമൽദേവിന്‌ ഫോൺകോൾ എത്തിയത്‌. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസ്‌ എന്നായിരുന്നു ബിനോയ്‌ ചൗധരി പറഞ്ഞത്‌. ഔദ്യോഗിക രഹസ്യനിയമത്തെക്കുറിച്ചുള്ള രേഖകൾ ഉൾപ്പെടെ അയച്ച്‌ നൽകി. ആരോടും പറയരുതെന്ന്‌ പേടിപ്പിച്ചു. കുറ്റവാളിയല്ലെന്ന്‌ തോന്നുന്നുവെന്നും രക്ഷപ്പെടുത്താമെന്നുമായി പിന്നീട്‌. തുടർന്ന്‌ ഒരോ ദിവസവും ചോദ്യങ്ങൾ. പിന്നീടാണ്‌ സിബിഐ ഉന്നത ഉദ്യോഗസ്ഥയെന്ന്‌ പരിചയപ്പെടുത്തി സ്‌ത്രീയുടെ വിളി എത്തിയത്‌. രക്ഷപ്പെടാൻ വഴിയുണ്ടെന്ന്‌ പറഞ്ഞ്‌ പണവും യുടിആർ നമ്പറും നൽകാനായിരുന്നു നിർദേശം. ഇതിനായി ജെറി അമൽദേവ്‌ പച്ചാളത്തെ ഫെഡറൽ ബാങ്ക്‌ ശാഖയിൽ എത്തിയപ്പോൾ മാനേജർ സജിനമോൾക്ക്‌ സംശയം തോന്നി.  തട്ടിപ്പായിരിക്കുമെന്ന്‌ പറഞ്ഞു. എന്നാൽ, ജെറി അമൽദേവ്‌ സമ്മതിച്ചില്ല. പണം അയക്കുന്നതുമായി ബന്ധപ്പെട്ട്‌ അക്കൗണ്ട്‌ പരിശോധിച്ചപ്പോൾ അത്‌ ഡൽഹിയിലേത്‌.  തട്ടിപ്പാണെന്ന്‌ ഉറപ്പായ ബാങ്ക്‌ ഉദ്യോഗസ്ഥ സെൻട്രൽ പൊലീസ്‌ സ്‌റ്റേഷൻ എസ്‌ഐ അനൂപ്‌ ചാക്കോയെ വിളിച്ചു. പരിശോധിച്ച എസ്‌ഐ ഇത്‌  സൈബർതട്ടിപ്പാണെന്ന്‌  ധരിപ്പിച്ചു. സമാനരീതിയിൽ
30 ലക്ഷം തട്ടി ജെറി അമൽദേവിൽനിന്ന്‌ പണംതട്ടാൻ ശ്രമിച്ച വിവരം അറിയുമ്പോൾ എസ്‌ഐ അനൂപ്‌ ചാക്കോയും സംഘവും സമാനമായ മറ്റൊരു തട്ടിപ്പ്‌ അന്വേഷിക്കാൻ ഡൽഹിയിലായിരുന്നു. സെൻട്രൽ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലുള്ളയാളുടെ 30 ലക്ഷം തട്ടിയ കേസിലെ മുഖ്യപ്രതിയെ തേടിയാണ്‌ അനൂപും സംഘവും ഡൽഹിയിലെത്തിയത്‌. നരേഷ്‌ ഗോയലിന്റെ അക്കൗണ്ടിൽനിന്ന്‌ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക്‌ പണം എത്തിയിട്ടുണ്ടെന്നും വെർച്വൽ അറസ്‌റ്റ്‌ ചെയ്യുമെന്നും സിബിഐ ഉദ്യോഗസ്ഥരെന്ന്‌ പരിചയപ്പെടുത്തിയവർ  പറഞ്ഞു. അറസ്‌റ്റ്‌ ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ട 30 ലക്ഷം പരാതിക്കാരൻ അയച്ചുനൽകി. ഈ കേസിൽ ഇതിനകം 14 പേരെ അറസ്‌റ്റ്‌ ചെയ്‌തു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്‌. Read on deshabhimani.com

Related News