സൈബർത്തട്ടിപ്പിന്‌ പുതിയ ‘നമ്പർ’; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്



തൃശൂർ > സൈബർ തട്ടിപ്പിന്‌  പുതിയ രൂപങ്ങൾ, ഭാവങ്ങൾ,  മൊബെൽ ഫോൺ നമ്പറിന്റെ പേരിൽ ഒടിപി അയച്ച്‌ പുതിയ തട്ടിപ്പുമായി സംഘം രംഗത്ത്‌. വാട്ട്‌സാപ്പ്‌, ഫേസ്‌ബുക്ക്‌, ജിമെയിൽ എന്നിവ ഹാക്കുചെയ്യുന്നതിനും ബാങ്ക്‌ അക്കൗണ്ടിൽനിന്ന്‌ പണം തട്ടിയെടുക്കുന്നതിനും ഇത്തരം സൈബർ തട്ടിപ്പു സംഘം ശ്രമിക്കുന്നുണ്ട്‌.  ജനങ്ങൾ ഇതിൽ കുടുങ്ങരുതെന്നും ജാഗ്രത വേണമെന്നും  തൃശൂർ സിറ്റി സൈബർ പൊലീസ്‌.   ‘സർ, നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഈ മൊബൈൽ ഫോൺ നമ്പർ ഞാൻ മുമ്പ്‌ ഉപയോഗിച്ചിരുന്നതാണ്. ആറു വർഷം മുമ്പ്‌ ഞാൻ വിദേശത്തായിരുന്നു. ഞാനിപ്പോൾ നാട്ടിൽ വന്നിരിക്കയാണ്‌. ഞാൻ ഉപയോഗിച്ചിരുന്ന എന്റെ പഴയ നമ്പരിലാണ് ആധാർകാർഡും ബാങ്ക് അക്കൗണ്ടും ലൈസൻസും ലിങ്ക് ചെയ്തിരുന്നത്. ആ രേഖകൾ തിരിച്ചെടുക്കുന്നതിനായി സാറിന്റെ സഹായം വേണം. താങ്കളുടെ  മൊബൈലിൽ  ഒ ടി പി വരും അതൊന്ന് പറഞ്ഞുതരണം. എന്നാൽ മാത്രമേ എനിക്ക് രേഖകൾ മാറ്റാൻ പറ്റൂ.’ ഇത്തരത്തിൽ വിശ്വാസം തോന്നിപ്പിക്കുന്ന തരത്തിൽ സൗമ്യമായി ഫോണിൽ വിളിച്ചാണ്‌ തട്ടിപ്പിൽ കുരുക്കുന്നത്‌. ഇത്‌ വിശ്വസിച്ച്‌ ഒടിപി പറഞ്ഞുകൊടുത്താൽ ബാങ്ക്‌ നിക്ഷേപം നഷ്ടപ്പെടാൻ ഇടയുണ്ട്‌. പണമിടപാട്‌  നടത്തുന്ന പെൻഷൻകാരെയാണ്‌ ഇത്തരം സംഘങ്ങൾ കൂടുതലായും തെരഞ്ഞുപിടിക്കുന്നത്‌. ബാങ്ക്‌ അക്കൗണ്ട്‌ അറിഞ്ഞശേഷം പണം തട്ടിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. പെൺകുട്ടികളുടെ ഇമെയിൽ, ഫേസ്‌ബുക്ക്‌, വാട്ട്‌സാപ്പ്‌ എന്നിവ ഹാക്ക്‌ ചെയ്‌ത്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുമുണ്ട്‌. ലൈംഗികമായും ചൂഷണം ചെയ്യുന്നുണ്ട്‌. അപരിചിതർ ഇത്തരത്തിൽ വിളിച്ചാൽ  ഒടിപി പറഞ്ഞുകൊടുക്കരുതെന്ന്‌ പൊലീസ്‌ അറിയിച്ചു.  പൊലീസ്‌, സിബിഐ ചമഞ്ഞ്‌ ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുക്കുന്നുണ്ട്‌.  സൈബർ തട്ടിപ്പിൽ ഇരയായി  സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ വിളിക്കണമെന്നും പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News