ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത; സംസ്ഥാനത്ത് ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴ



തിരുവനന്തപുരം > ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തി പ്രാപിച്ചു. നാളെ ചുഴലിക്കാറ്റായും (Cyclonic storm) വ്യാഴാഴ്ച രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിച്ച്  ഒഡിഷ - പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും തമിഴ്നാടിനു മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ  22 - 23  തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. Read on deshabhimani.com

Related News