ദയാബായിയുടെ സമരം അവസാനിപ്പിച്ചു; സര്‍ക്കാര്‍ ഉറപ്പുകളിൽ വിശ്വാസം



തിരുവനന്തപുരം എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായിയുടെ  നിരാഹാര സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം  മന്ത്രിമാരുമായി നടത്തിയ  ചർച്ചയിൽ അംഗീകരിച്ച തീരുമാനങ്ങൾ ബോധ്യപ്പെട്ടതിനെത്തുടർന്നാണ്  സമരം അവസാനിപ്പിച്ചത്‌. ആരോഗ്യമന്ത്രി വീണാ ജോർജും സാമൂഹ്യനീതിമന്ത്രി ആർ ബിന്ദുവും ബുധനാഴ്ച തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി   ദയാബായിയുമായും സമരസമിതി നേതാക്കളുമായും വീണ്ടും ആശയവിനിമയം നടത്തി. ഇരു മന്ത്രിമാരും ചേർന്ന് വെള്ളം നൽകി സമരം അവസാനിപ്പിച്ചു. ഞായറാഴ്ച സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ ദയാബായിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിൽ അവ്യക്തതയുണ്ടെന്ന പ്രചാരണത്തെതുടർന്നാണ്‌ സമരം നീണ്ടത്‌. എയിംസ്‌ ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും കൃത്യമായ ഉറപ്പാണ്‌ സർക്കാർ നൽകിയതെന്ന്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.    കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ സ്ഥലം ലഭ്യമാകുന്നത്‌ അനുസരിച്ച്‌ ന്യൂറോളജി ചികിത്സയ്‌ക്കുള്ള ഉപകരണങ്ങൾ സ്ഥാപിക്കും, കാസർകോട്ടെ ആശുപത്രികളിൽ എൻഡോസൾഫാൻ ബാധിതർക്ക്‌ വിദഗ്ധചികിത്സ ഉറപ്പാക്കും, രണ്ടു മാസത്തിനുള്ളിൽ അപേക്ഷ നൽകുന്നവർക്കായി അടുത്ത അഞ്ചു മാസത്തിനുള്ളിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കും എന്നിവയാണ്‌ നേരത്തേ എഴുതി നൽകിയിരുന്നത്‌. എൻഡോസൾഫാൻ ബാധിതർക്കായുള്ള ആവശ്യങ്ങൾ ഒരുമിച്ച്‌ നേടിയെടുക്കാമെന്ന് മന്ത്രി വീണാ ജോർജും എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ആർ ബിന്ദുവും ഉറപ്പ്‌ നൽകി. സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്ന്‌ ദയാബായി പറഞ്ഞു. Read on deshabhimani.com

Related News