തൃശൂർ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ നവജാതശിശുവിന്റെ മൃതദേഹം ; അന്വേഷണം ആശുപത്രികളിലേക്കും
തൃശൂർ തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ പാളത്തിന് മുകളിലെ മേൽപ്പാലത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ആൺകുഞ്ഞിന്റെ മൃതദേഹം. ഞായറാഴ്‌ച രാവിലെ 8.30ന് ശുചീകരണ ജീവനക്കാരിയാണ് ഉപേക്ഷിക്കപ്പെട്ട ബാഗ് കണ്ടെത്തിയത്. റെയിൽവേ ഉദ്യോഗസ്ഥരേയും പൊലീസിനേയും വിവരമറിയിച്ചു. പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്. നീല നിറമുള്ള ബാഗിലാണ് മൃതദേഹം കണ്ടെത്തിയത്. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റഎഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിലാണ് ബാഗ് കണ്ടെത്തിയത്. കുഞ്ഞിന് മൂന്നുദിവസത്തെ പ്രായം കണക്കാക്കുന്നു. എട്ട് മാസം തികഞ്ഞ് ആശുപത്രിയിൽ പ്രസവിച്ച ആൺകുഞ്ഞിന്റെ മൃതദേഹമാണെന്ന് ഡോക്ടർ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേരള പൊലീസ് ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽവേ സ്‌റ്റേഷനിലേയും പരിസരങ്ങളിലേയും സിസിടിവി കാമറകൾ പരിശോധിച്ചുവരുന്നു. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ ചവറ്റുകൊട്ടയിൽ നിന്ന് സ്‌ത്രീയുടെ രക്തം പുരണ്ട വസ്‌ത്രങ്ങൾ ലഭിച്ചു. അസ്വാഭാവിക മരണത്തിന് റെയിൽവേ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റിൽ മൃതദേഹത്തിൽ പരിക്കൊന്നും കണ്ടത്തിയില്ല. അന്വേഷണം ആശുപത്രികളിലേക്കും റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തൃശൂർ നഗരത്തിലെ ആശുപത്രികളിലേക്കും വ്യാപിപ്പിച്ചു. എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചത് ആശുപത്രിയിലാണെന്ന് ഡോക്ടർ പറഞ്ഞു. തുടർന്നാണ് ആശുപത്രികളിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം . അതിനിടെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ചവറ്റുകൊട്ടയിൽ കണ്ടെത്തിയ സ്ത്രീയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങളും അന്വേഷണത്തിന് തുമ്പാകും. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് വസ്‌ത്രങ്ങൾ കണ്ടെത്തിയത്. അതേസമയം പോസ്റ്റ്മോർട്ടത്തിനുശേഷമേ കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ശേഷം ഉപേക്ഷിച്ചതാണോ അതോ ജീവനോടെ ഉപേക്ഷിച്ചതിനു ശേഷം പിന്നീട് മരിച്ചതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ കഴിയൂ. തിങ്കളാഴ്‌ച പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് എസ്‌ഐ കെ ഒ തോമസ് പറഞ്ഞു. Read on deshabhimani.com