അമ്മു സജീവന്റെ മരണം; അറസ്റ്റിലായ വിദ്യാർഥികളെ റിമാൻഡ് ചെയ്തു
പത്തനംതിട്ട > നഴ്‌സിംഗ് വിദ്യാർഥി അമ്മു സജീവന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു. അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പെൺകുട്ടികൾക്കെതിരെ അമ്മു സജീവന്റെ മരണത്തിൽ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. നിരന്തരമായ മാനസിക പീഡനം ഇവരിൽ നിന്ന് അമ്മു നേരിട്ടെന്നായിരുന്നു ആരോപണം. വിദ്യാർഥിയുടെ ആത്മഹത്യക്ക് മുൻപ് മൂവർക്കുമെതിരെ പിതാവ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാൾ മൂവർക്കുമെതിരെ മെമ്മോ നൽകിയതും അന്വേഷണത്തിൽ നിർണായകമായി. ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥി തിരുവനന്തപുരം അയിരൂ പാറ രാമപുരത്ത്ചിറ ശിവപുരം വീട്ടിൽ അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. നവംബർ 15ന് രാത്രിയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് നില അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. Read on deshabhimani.com