ആഴക്കടൽ ഇന്ധന പര്യവേക്ഷണം: പഠനത്തിന്‌ ദേശീയ ടെൻഡർ



കൊല്ലം കടലിന്റെ അടിത്തട്ടിലെ തടസ്സങ്ങളെക്കുറിച്ച്‌ പഠിക്കാൻ ദേശീയ ടെൻഡർ ക്ഷണിച്ച്‌ ഓയിൽ ഇന്ത്യ ലിമിറ്റഡ്‌. കൊല്ലം ഉൾപ്പെടെ രാജ്യത്തെ മൂന്നു തീരങ്ങളിൽ ആഴക്കടൽ ഇന്ധനപര്യവേക്ഷണത്തിന്‌ റിഗ്‌ സ്ഥാപിക്കാനായാണ്‌ ഇത്‌. കേരള -കൊങ്കൺ ഓഫ്‌ഷോർ ബ്ലോക്കിൽപ്പെട്ട കൊല്ലം തീരത്തും ആൻഡമാൻ ഓഫ്‌ഷോർ ബ്ലോക്കിൽ രണ്ടിടത്തുമുള്ള പര്യവേക്ഷണത്തിനാണ്‌ ഇ-–-മാർക്കറ്റ് പ്ലേസ്‌ പോർട്ടലിലൂടെ ഓപ്പൺ ഇ ടെണ്ടർ ക്ഷണിച്ചത്‌. ദർഘാസ് കരുതൽ നിക്ഷേപമായി (ഇഎംഡി) 1,76,21,000 രൂപയാണ്‌ കരാറുകാർ നൽകേണ്ടത്‌. 150 ദിവസത്തിനുള്ളിൽ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കണം. കോഴിക്കോടിന്‌ തെക്കും കൊല്ലത്തിന്‌ പടിഞ്ഞാറും ആൻഡമാൻ ആഴക്കടലിലും മഹാനദീതടത്തിലുമുള്ള ഓഫ്‌ഷോർ കിണറുകൾ കുഴിക്കുന്നതിനു മുന്നോടിയായുള്ള പഠനമാണിത്‌. ഇന്ധന പര്യവേക്ഷണത്തിനുള്ള റിഗ്‌ സ്ഥാപിക്കണമെങ്കിൽ കൃത്യവും സുരക്ഷിതവുമായ  സ്ഥാനനിർണയം, ആങ്കറേജുകൾ എന്നിവ സുഗമമാക്കണം. മനുഷ്യനിർമിതവും ഭൂമിശാസ്ത്രപരവുമായ തടസം പരിശോധിച്ച്‌ ഡിജിറ്റൽ ഭൂപടം തയ്യാറാക്കിയാകും പഠനം. റിഗിനെ കപ്പൽ അവശിഷ്ടങ്ങൾ, റേഡിയോ ആക്ടീവ് മാലിന്യങ്ങൾ, സമുദ്രാന്തർ ആശയവിനിമയ–-വൈദ്യുതി കേബിളുകൾ, ദ്രാവകങ്ങൾ പുറന്തള്ളൽ, മണ്ണൊലിപ്പ്‌, അസ്ഥിര ചെരിവുകൾ, മണൽത്തിട്ട, ചെളിക്കട്ട, അഗ്നിപർവതം, പാറ  പുറമ്പോക്ക്‌, കൊടുമുടി, ആഴംകുറഞ്ഞ ജലപ്രവാഹങ്ങൾ എന്നിവ പ്രതികൂലമായി  ബാധിക്കും. കൊല്ലം ഉൾപ്പെടെ രാജ്യത്തെ മൂന്നുതീരങ്ങളിൽ ക്രൂഡ് ഓയിൽ അടക്കമുള്ള ദ്രവ–-വാതക ഇന്ധനപര്യവേക്ഷണത്തിന്‌ കൂറ്റൻ കിണറുകൾ സ്ഥാപിക്കാൻ യുകെ ആസ്ഥാനമായ ഡോൾഫിൻ ഡ്രില്ലിങ്‌ എ എസ്‌ കമ്പനിയുമായാണ്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ കരാറായത്‌. 1286 കോടിയുടേതാണ്‌ (154 ദശലക്ഷം ഡോളർ) കരാർ. Read on deshabhimani.com

Related News