മുളക് മുതൽ മുട്ടയിടുന്ന എമുവരെ: ശബ്ദം കുറഞ്ഞ്, കാണാനഴകിൽ പടക്കങ്ങൾ
തിരുവനന്തപുരം > ദീപാവലി ആഘോഷമാക്കാൻ വിപണിയിൽ പടക്ക വിൽപ്പന ഉഷാർ. ദീപാവലിക്ക് ഒരുദിവസം മാത്രം ശേഷിക്കേ നഗര–ഗ്രാമ ഭേദമന്യേ കച്ചവടം പൊടിപൊടിക്കുകയാണ്. ശബ്ദം കുറഞ്ഞതും വർണാഭവുമായ ന്യൂജെൻ ഇനങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് വ്യാപാരികൾ പറയുന്നു. വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന വിവിധ വർണത്തിലുള്ള ഇലക്ട്രിക് റോക്കറ്റാണ് കൂട്ടത്തിലെ താരം. വില അൽപ്പം കൂടുതലാണെങ്കിലും റിമോട്ട് കൊണ്ട് നിയന്ത്രിക്കാവുന്ന ഇലക്ട്രിക്ക് റോക്കറ്റിനും ആവശ്യക്കാരുണ്ട്. കറങ്ങുന്ന പൂത്തിരി (ലോട്ടസ് വീൽ), പുകയില്ലാത്ത കമ്പിത്തിരി, മുട്ടയിടുന്ന എമു, മയൂര നൃത്തം എന്നിവയാണ് മറ്റ് ന്യൂജെൻ ഇനങ്ങൾ. അമിട്ട്, ഓല, മാലപ്പടക്കം, ഡൈനാമൈറ്റ്, മുളക് പടക്കം, റോൾമാല, തോക്കും പൊട്ടാസും തുടങ്ങിയ നാടൻ ഇനങ്ങൾക്കും ആരാധകർ ഏറെയാണ്. 500 രൂപ മുതൽ 10,000 രൂപ വരെയുള്ള ഫാമിലി പാക്ക്, കിഡ്സ് പാക്ക്, ഗിഫ്റ്റ് ബോക്സ് എന്നിങ്ങനെ പാക്കറ്റായും പടക്കങ്ങൾ ലഭ്യമാണ്. ന്യൂജെൻ, ചൈനീസ് ഉൽപ്പന്നങ്ങളെല്ലാം പ്രധാനമായും വരുന്നത് ശിവകാശിയിൽ നിന്നാണ്. എന്നിരുന്നാലും തെക്കൻ കേരളത്തിന്റെ ശിവകാശി എന്നറിയപ്പെടുന്ന തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് പടക്ക വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നെടുമങ്ങാട് നന്ദിയോടും മൊത്തക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ദീപാവലി അടുത്തതോടെ സംസ്ഥാനത്തുടനീളമുള്ള ബേക്കറികളിലും മധുരപലഹാര കടകളിലും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിരക്കുമേറിയിട്ടുണ്ട്. പരമ്പരാഗത പലഹാരങ്ങൾക്കൊപ്പം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവയും ലഭ്യമാണ്. Read on deshabhimani.com