തൃശൂരിലെ തോൽവി; നടപടി ശുപാർശചെയ്‌ത് കെപിസിസി റിപ്പോർട്ട് ഇന്ന് നൽകും
തിരുവനന്തപുരം > ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ തോൽവിയിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി എൻ പ്രതാപനടക്കമുള്ളവർക്കെതിരായ നടപടിയിൽ ഞായറാഴ്‌ച റിപ്പോർട്ട് നൽകിയേക്കും. മുതിർന്ന നേതാക്കൾ കൂടിക്കാഴ്‌ച നടത്തിയശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാവുക. തൃശൂർ തോൽവിയുമായി ബന്ധപ്പെട്ട് ടി എൻ പ്രതാപൻ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരെ ആറുവർഷം പാർടി ഭാരവാഹിത്വത്തിൽനിന്ന് മാറ്റി നിർത്താനായിരുന്നു കെപിസിസി നിയോഗിച്ച അന്വേഷണസമിതിയുടെ ശുപാർശ. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് മറിച്ചുകെടുത്തതാണ് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താകാൻ കാരണമെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. അനിൽ അക്കര, എം പി വിൻസന്റ് എന്നിവരെ താക്കീത് ചെയ്യാനും ടി സിദ്ദിഖ്, കെ സി ജോസഫ്, ആർ ചന്ദ്രശേഖരൻ എന്നിവർ അംഗങ്ങളായ സമിതി ശുപാർശ ചെയ്‌തിരുന്നു. അതേസമയം എതിർപ്പുകൾക്കിടെ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായി എം ലിജു ശനിയാഴ്‌ച ചുമതലയേറ്റു. ലിജുവിനെ ജനറൽ സെക്രട്ടറിയാക്കിയതിലെ എതിർപ്പ് ചുമതലയേൽക്കൽ ചടങ്ങിലും പ്രകടമായി. കെ സുധാകരനും ദീപാദാസ് മുൻഷിയുമൊഴികെ മുതിർന്ന നേതാക്കളാരും പങ്കെടുത്തില്ല. Read on deshabhimani.com