ധന്യ രാജേന്ദ്രനെതിരായ വാർത്തകൾ നീക്കണം ; ജനം ടിവിക്കും ജന്മഭൂമിക്കും എതിരെ ഡൽഹി ഹൈക്കോടതി



ന്യൂഡൽഹി > ദ ന്യൂസ് മിനിറ്റ് സ്ഥാപക ധന്യ രാജേന്ദ്രനെതിരെ ജനം ടിവിയും ജന്മഭൂമിയും കർമ്മന്യൂസും നൽകിയ വാർത്തകളും വീഡിയോകളും നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. പ്രമുഖ അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ ഏജന്റുകളാണ് എന്നാരോപിച്ച് ധന്യക്കും ഡിജിറ്റൽ വാർത്താ പ്രസിദ്ധീകരണങ്ങളുടെ കൂട്ടായ്മയായ ഡിജി പബ്ബിനെതിരേയും നൽകിയ വീഡിയോകളും ലേഖനങ്ങളും പിൻവലിക്കാനാണ് ഉത്തരവിട്ടത്. ധന്യ നൽകിയ മാനനഷ്ടക്കേസിലായിരുന്നു ജസ്റ്റിസ് വികാസ് മഹാജന്റെ ഇടക്കാല ഉത്തരവ്. ജനം ടിവിയും ജന്മഭൂമിയും കർമ്മയും നൽകിയ വ്യാജ  വാർത്തകൾ ധന്യ രാജേന്ദ്രനെയും ഡിജി പബ്ബിനെയും അപകീർത്തിപ്പെടുത്തുന്നതും അവർ നൽകുന്ന വാർത്തകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പത്ത് ദിവസത്തിനകം ഇവ നീക്കം ചെയ്യാൻ കോടതി നിർദേശിച്ചു. അല്ലാത്തപക്ഷം പരാതിക്കാരിക്ക് യുട്യൂബിനെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ധന്യക്കെതിരായ ആരോപണങ്ങൾ തെളിയിക്കാനോ അതുമായി ബന്ധപ്പെട്ട സ്രോതസുകൾ വ്യക്തമാക്കാനോ എതിർപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും ഉന്നയിച്ചത് വെറും ആരോപണങ്ങൾ മാത്രമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 മാർച്ച് 25ന് സ്വതന്ത്ര മാധ്യമ ചാനലുകൾ ചേർന്ന് ‘കട്ടിങ് സൗത്ത് 2023’ എന്ന പേരിൽ ഒരു കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിൽ ആഭ്യന്തര സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ജോർജ്ജ് സോറോസിൻറെ ഏജൻറാണ് ധന്യയെന്ന് ആരോപിച്ച് കേരളത്തിലെ സംഘപരിവാർ അനുകൂല മാധ്യമങ്ങൾ വാർത്തകളും വീഡിയോകളും പുറത്തു വിട്ടത്. Read on deshabhimani.com

Related News