ദേശാഭിമാനി കാലഘട്ടത്തിന്റെ 
ആവശ്യം: സിപിഐ എം



തിരുവനന്തപുരം ദേശാഭിമാനി പത്രപ്രചാരണം വിജയിപ്പിക്കുന്നതിന്‌ പാർടി പ്രവർത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനം ചെയ്‌തു. മതനിരപേക്ഷ, പുരോഗമന രാഷ്ട്രീയത്തിന്റെ ജിഹ്വയായ ദേശാഭിമാനിയുടെ പ്രസക്തി വർധിച്ച സാഹചര്യമാണുള്ളത്. ജനാധിപത്യത്തിന്റെ നാലാംതൂണെന്നറിയപ്പെടുന്ന മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും ഭരണകൂട താൽപ്പര്യത്തിന്റെ പ്രചാരകരായി.  പൗരന്റെ അറിയാനുള്ള അവകാശത്തെയാണ്‌ അവർ ഇല്ലാതാക്കുന്നത്‌. വയനാട്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളെ  അട്ടിമറിക്കാൻ കള്ളക്കഥകളാണ്‌ പല മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത്‌. ജനകീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമ ഇടപെടൽ ശക്തിപ്പെടുത്തേണ്ട കാലമാണിത്‌. ഈ യാഥാർഥ്യം ഉൾക്കൊണ്ട്‌ കൂടുതൽ കരുത്തോടെ ദേശാഭിമാനി പ്രചാരണം ഏറ്റെടുക്കണം. ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടി കുട്ടികളുടെ വിജ്ഞാനോത്സവമായി മാറിക്കഴിഞ്ഞു. ശാസ്ത്ര പംക്തിയും സ്പോർട്സും ബഹുജനങ്ങളാകെ ഏറ്റെടുത്തിട്ടുണ്ട്‌. ഗൾഫ്‌ ഓൺലൈൻ പത്രത്തിലൂടെ വിദേശരാജ്യങ്ങളിലും സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. സ്ത്രീയും തൊഴിലും വലിയ അംഗീകാരമാണ്‌ നേടിയിരിക്കുന്നത്‌. വലതുപക്ഷ മാധ്യമനുണകൾക്കെതിരെ ബദൽ മാധ്യമസംസ്കാരം മുന്നോട്ടുവച്ചാണ്‌ ദേശാഭിമാനി പ്രവർത്തിക്കുന്നത്‌. ഇത്‌ കൂടുതൽ ജനങ്ങളിലെത്തിക്കണം. വലതുപക്ഷ ആശയങ്ങൾ പ്രതിരോധിക്കാനും ജനകീയ ബദലുകൾ ഉയർത്തിക്കൊണ്ടുവരാനും ഇത്‌ അനിവാര്യമാണ്‌.  ദേശാഭിമാനി ഇന്ന്‌ മലയാളത്തിലെ മൂന്നാമത്തെ പത്രവും വായനക്കാരുടെ വളർച്ചാനിരക്കിൽ ഐആർഎസ്‌ പ്രകാരം ഒന്നാമത്തെ പത്രവുമാണ്‌. ഇനിയും കൂടുതലാളുകളിലേക്ക്‌ പത്രം എത്തണം. നിലവിലുള്ള വാർഷികവരി പുതുക്കാനും പുതിയ വരിക്കാരെ ചേർക്കാനുമുള്ള പ്രവർത്തനങ്ങൾ 23 മുതൽ ഒക്ടോബർ 18 വരെ നടക്കുകയാണ്‌. ഈ പ്രവർത്തനങ്ങൾ വിജയിപ്പിക്കണമെന്ന്‌ പാർടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News