പുന്നയൂര്‍ക്കുളത്തെ ദേശാഭിമാനി കേശവന്‍



ചാവക്കാട്> പുന്നയൂര്‍ക്കുളത്തെ സി കേശവന്‍ എന്ന 'ദേശാഭിമാനി കേശവന്‍ 'ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പഴക്കമുള്ള ദേശാഭിമാനി ഏജന്റാണ്. പ്രായാധിക്യം മൂലം നിലവില്‍ ഏജന്‍സി ഇല്ലെങ്കിലും 92ാം വയസ്സിലും ദേശാഭിമാനിയേയും പാര്‍ടിയേയും നെഞ്ചോടു ചേര്‍ത്താണ് ജീവിതം.  പുന്നയൂര്‍ക്കുളം,വടക്കേക്കാട്,പുന്നയൂര്‍ ,പൊന്നാനിയുടെ ഭാഗമായ വന്നേരി എന്നിവിടങ്ങളില്‍ സൈക്കിളിലാണ് ദേശാഭിമാനി  പത്രവും ചിന്തയും വിതരണം ചെയ്തിരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പതിവു കാഴ്ചയായിരുന്നു. 1930ലാണ് സി കേശവന്റെ ജനനം. 1952ലാണ് കേശവന്‍ പത്രം ഏജന്‍സി എടുക്കുന്നത്. അന്ന് കോഴിക്കോട് നിന്നാണ് അച്ചടിക്കുന്നത്. 22 വയസ്സുള്ള കേശവന്‍ കോഴിക്കോട്ടെത്തി മാനേജര്‍ പി നാരായണന്‍ നായരെ കണ്ടു. ആദ്യ പത്രക്കെട്ട് കുന്നംകുളം അങ്ങാടിയില്‍ പോയി ഏറ്റുവാങ്ങിയത് അഭിമാനപൂര്‍വമാണ് അദ്ദേഹം അനുസ്മരിക്കാറുള്ളത്. പുലര്‍ച്ചെ നാലിനെഴുന്നേറ്റ് പത്ത് കിലോമീറ്റര്‍ അകലെയുള്ള കുന്നംകുളത്തെത്തും. അഞ്ചുമണിയോടെ പത്രം എടുത്ത് സൈക്കിളില്‍ പുന്നയൂര്‍ക്കുളത്തേക്ക്. വിതരണം ചെയ്ത് കഴിയുമ്പോള്‍ പത്ത്  മണി കഴിയും. സൗമ്യമായ പെരുമാറ്റത്തിലൂടെ സകലരെയും ആകര്‍ഷിച്ചിരുന്ന കേശവേട്ടന്‍ ദേശാഭിമാനി കേശവന്‍ ആയത് പതിറ്റാണ്ടുകള്‍ പത്രത്തിന്റെ  പ്രതീകമായതിനാലാണ്. 1964 മുതല്‍ ചിന്തയും വിതരണം ചെയ്ത് തുടങ്ങി.സമീപ കാലം വരെ ഇദ്ദേഹത്തിന്റെ സൈക്കിളിന്റെ കൊട്ടയില്‍ 'ചിന്ത ' വാരിക വിതരണത്തിനായി കാണുമായിരുന്നു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ,പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗം.കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്‍  പഞ്ചായത്ത് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.  ഭാര്യ സരോജിനി ഒരു വര്‍ഷം മുമ്പ് മരിച്ചു. ബേബി സമീര്‍, ബീന, വില്‍സണ്‍, ഷീല, തമ്പി  എന്നിവരാണ് മക്കള്‍.   Read on deshabhimani.com

Related News