മദപ്പാട് കാലം കഴിഞ്ഞു; മിടുക്കനാവാൻ ധോണി



പാലക്കാട് > വായിലേക്ക് നേരിട്ട് പാപ്പാന് ഭക്ഷണം നൽകാനാകും, പഴയ ശൗര്യത്തിനും കുറവുണ്ട്. മദപ്പാട് കഴിഞ്ഞതോടെ അനുസരണയുടെ പാതയിലാണ് ധോണിക്കാരുടെ പേടി സ്വപ്‌നമായിരുന്ന ‘ധോണി' (പിടി–-ഏഴ്). ആനക്കൂട്ടിൽ ഒരുമാസം പിന്നിടുമ്പോൾ പാഠങ്ങൾ എളുപ്പം വശത്താക്കി അനുസരണയുള്ള കുങ്കിയാകാനുള്ള മാറ്റത്തിലാണ്‌ ധോണി.   ആനമല ടോപ്‌ സ്ലിപ്പിലെ കോഴികമിത്തിയിൽ നിന്നുള്ള പാപ്പാന്മാരായ മണികണ്ഠന്റെയും മാധവന്റെയും വിളികേട്ടാൽ മാത്രമേ കേട്ടഭാവം നടിക്കൂ. ഇവർ വിളിച്ചാൽ അടുത്തുവരും. ഡോക്ടർ ഒഴികെ ഉദ്യോഗസ്ഥരാരും ധോണിക്കുസമീപം പോകാറില്ല. നിർദേശങ്ങൾക്കനുസരിച്ച് മുൻകാലുകൾ മടക്കും. ഭക്ഷണമെടുക്കും. അനുനയത്തിന്റെ വഴിയെയാണ് ധോണിയെ അനുസരണക്കാരനാക്കിയത്‌.   അരി, ഗോതമ്പ്, റാഗി, ചെറുപയർ, ഉഴുന്ന്, ശർക്കര എന്നിവ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം നൽകിത്തുടങ്ങി. പുറമെ വനത്തിൽനിന്ന് ശേഖരിക്കുന്ന വെട്ടുപുല്ല്‌, സസ്യങ്ങൾ, അത്തി, പേരാൽ എന്നിവയുടെ ചപ്പുകളും തീറ്റയായി നൽകുന്നു. ആന ആരോഗ്യവാനാണ്. ധോണി ഫാമിൽനിന്നുള്ള വെറ്ററിനറി ഡോക്ടർ ദിവസേന ക്യാമ്പിലെത്തി കൊമ്പനെ പരിശോധിക്കും. മദപ്പാട് നീങ്ങിയതിനാൽ അനുസരണ പഠിപ്പിക്കലാണ് ആദ്യം. രണ്ടുമാസത്തെ മെരുക്കലിനുശേഷം ആറുമാസമാണ് കുങ്കി പരിശീലന കാലയളവ്.   ആനയുടെ സഹകരണമനുസരിച്ച് പരിശീലനക്കാലയളവിൽ വ്യത്യാസം വരും. അടിസ്ഥാന കാര്യങ്ങളായ ചങ്ങല പിടിക്കുക, ചങ്ങല ചവിട്ടുക, കാട്ടാനകളെ തുരത്താനുള്ള പരിശീലനം, കാട്ടാനകളെ പിടിച്ചുനിർത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുക. നോവിച്ചുള്ള ചട്ടം പഠിപ്പിക്കലില്ല, പകരം സ്നേഹത്തിന്റെ ഭാഷ മാത്രം. ആനക്കൂടിന്റെ വലിപ്പം കുറച്ചിട്ടുണ്ട്. ധോണി കുത്തിയിളക്കിയ മരത്തടികൾ മാറ്റി സ്ഥാപിച്ചു. ക്യാമ്പിലുള്ള ‘പ്രമുഖ’ എന്ന കുങ്കിയാനയുടെ മദപ്പാടും മാറി. കോട്ടൂർ അഗസ്ത്യൻ എന്ന കുങ്കിയാന ഇപ്പോഴും മദപ്പാടിലാണ്‌.   Read on deshabhimani.com

Related News